ചേർത്തല : കൃഷിയിൽ ഒരു പാഠപുസ്തകമാവുകയാണ് പ്രസാദ്. ആർക്കും പിന്തുടരാം പ്രസാദിന്റെ ഈ രീതി. ഒരിനം കൃഷിയിൽ ഒതുങ്ങാതെ വിവിധങ്ങളായവ ഒരേ കൃഷിയിടത്തിൽ വിളയിക്കുകയാണ് യുവകർഷകനായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ ഇടത്തോടത്ത് പ്രസാദ്.
പ്രസാദിന്റെ പുരയിടം മുഴുവൻ കൃഷിയാണ്. കോഴിയും താറാവും മത്സ്യവും പച്ചക്കറികളും നെല്ലും ചേമ്പും വാഴയും പപ്പായയും പച്ചമുളകും തണ്ണിമത്തനും ബന്തിപ്പൂവും എല്ലാം നിറഞ്ഞതാണ് പറമ്പും പാടവും. നൂറ്റമ്പതിലേറെയുള്ള പപ്പായ മരത്തിൽ നിറയെ കായ്ക്കളാണ്.
റെഡ് ലേഡി ഇനത്തിലുള്ള പപ്പായ മാരാരിക്കുളത്തെ റിസോർട്ടുകാർ നേരത്തേ ബുക്കു ചെയ്തിരിക്കുകയാണ്. വിദേശികൾക്കും സ്വദേശികൾക്കും ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരിനമായി പഴുത്ത പപ്പായ മാറിയതോടെ ഇവയ്ക്ക് അവശ്യക്കാരേറെയാണ്. അക്വാപോണിക്ക് ബയോ ഫ്‌ളോക്ക് സംവിധാനങ്ങളിലാണ് മത്സ്യക്കൃഷി. അൻപതിനായിരത്തിനടുത്ത് ഗിഫ്റ്റ് തിലോപ്പിയും ചെമ്പല്ലിയുമാണ് വളർത്തുന്നത്.പ്രത്യേകം തയ്യാറാക്കിയ മത്സ്യക്കുളത്തിലെ അഴുക്ക് വെള്ളം ഉപയോഗിച്ച് നെൽക്കൃഷിയും നടത്തുന്നുണ്ട്. കിലോഗ്രാമിന് നാനൂറിനടുത്ത് വിലയുള്ള ബ്ലാക്ക് റൈസ് ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്യുന്നത്.നാലു ലക്ഷം ചെമ്മീൻകുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള കുളം ഒരുക്കുന്ന തിരക്കിലാണ് പ്രസാദ് ഇപ്പോൾ.
ആയിരത്തിനു മുകളിൽ കിലോ പച്ചമുളക് ഇതിനകം വിറ്റു കഴിഞ്ഞു.തണ്ണിമത്തനും ഇളവനും മത്തനും പാടം നിറയെ പടർന്നു കിടക്കുന്നു. കൃഷിക്ക് നനക്കുന്നതിലും പ്രത്യക സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.വിദേശ രാജ്യങ്ങളിൽ നല്ല ഡിമാന്റുള്ള കരിമഞ്ഞൾ,റെഡ് ഇഞ്ചി എന്നിവയും വീട്ടുമുറ്റത്ത് കൃഷി ചെയ്തിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറിയും അഡ്‌കോസ് രക്ഷാധികാരിയുമായ ആർ.നാസർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ് കുമാർ,സി.പി.എം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്.രാധാകൃഷ്ണൻ,അഡ്‌കോസ് സെക്രട്ടറി എം.സന്തോഷ് കുമാർ,കണിച്ചുകുളങ്ങര എൽ.സി.സെക്രട്ടറി എസ്.സജിമോൻ എന്നിവർ പങ്കെടുത്തു.