ആലപ്പുഴ: കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, തോമസ് ചാണ്ടി എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കുട്ടനാട്ടിലെ 'ലേക് പാലസ്' റിസോർട്ടിന് 2.73 കോടി രൂപ ആലപ്പുഴ നഗരസഭ പിഴയിട്ടു. 15 ദിവസത്തിനകം തുക അടയ്ക്കണമെന്ന് കാട്ടി നഗരസഭാ സെക്രട്ടറി എസ്.ജഹാംഗീർ റിസോർട്ടിന് നോട്ടീസ് നൽകി. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്.
തോമസ് ചാണ്ടി, മാത്യു ജോസഫ്, എൻ.എക്‌സ്. മാത്യു എന്നിവരുടെ ഉടമസ്ഥതയിൽ നഗരസഭാ പരിധിയിൽ, കുട്ടനാട്ടിലെ തിരുമലയിൽ പ്രവർത്തിക്കുന്ന വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അനധികൃത നിർമ്മാണങ്ങൾ നടത്തിയതായി നഗരസഭാ സെക്രട്ടറി, മുനിസിപ്പൽ എൻജിനിയർ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. റിസോർട്ടിലെ 22 കെട്ടിടങ്ങളിൽ അനധികൃതമായി കൂട്ടിച്ചേർക്കൽ നടത്തിയതായും 10 കെട്ടിടങ്ങൾ പുതുതായി നിർമ്മിച്ചെന്നുമാണ് കണ്ടെത്തൽ. 22 കെട്ടിടങ്ങളുടെ ഏരിയ 5020.11 ചതുരശ്ര മീറ്ററിൽ നിന്ന് 6287 ചതുരശ്ര മീറ്ററായി വർദ്ധിപ്പിച്ചു. ഇതിന് 17.26 ലക്ഷം രൂപ പിഴയും അധിക നികുതിയുമാണ് കണക്കായിട്ടുള്ളത്.
കെട്ടിടം നിർമ്മിച്ച 2001 മുതലുള്ള നികുതിയാണ് നഗരസഭ കണക്കാക്കിയത്. പത്ത് അനധികൃത കെട്ടിടങ്ങൾക്ക് 2013 മുതലുള്ള നികുതി അടയ്‌ക്കണം. റിസോർട്ടിലെ കെട്ടിടങ്ങൾ ക്രമവത്കരിക്കാനായി വാട്ടർ വേൾഡ് ടൂറിസം കമ്പനി നഗരസഭയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കെട്ടിടങ്ങളുടെ രേഖകൾ ഹാജരാക്കിയാൽ ഇതുസംബന്ധിച്ച നടപടികൾ നഗരസഭ പരിഗണിക്കും.
'റിസോർട്ടിനെതിരെ നടപടിയുണ്ടായത് രാഷ്ട്രീയ വൈരാഗ്യം മൂലമല്ല. ആലപ്പുഴ നഗരത്തിൽ അനധികൃതമായ നാലു കെട്ടിടങ്ങൾ ഇനിയും പ്രവർത്തിക്കുന്നുണ്ട്. അവർക്കും പിഴ ചുമത്താനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കു
കയാണ്".
തോമസ് ജോസഫ്, നഗരസഭ ചെയർമാൻ