chikkara

ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ചിക്കരകൊട്ടിക്കൽ കൂട്ടക്കള മഹോത്സവം ഇന്ന് നടക്കും. ചിക്കരക്കുട്ടികളുടെ അതിവിശിഷ്ടമായ ചടങ്ങ് ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ കുമർത്തശേരി മൂലസ്ഥാനത്താണ് നടക്കുന്നത്.

ചിക്കര എടുക്കുന്ന ദിവസം ഇവിടെ സ്ഥാപിച്ച വലിയ മൺകലത്തിൽ കുട്ടികളെക്കൊണ്ട് ചക്കര നിക്ഷേപിക്കും. ഉത്സവത്തിന്റെ ഏഴാം ദിവസം അത്താഴ പൂജ കഴിഞ്ഞ് തകിൽ വാദ്യത്തിന്റെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ വെളിച്ചപ്പാടിന്റെ നേതൃത്വത്തിൽ കാളി മൂല സ്ഥാനത്തെത്തും. തുടർന്ന് കുട്ടികളോട് അന്ന് നിക്ഷേപിച്ച ചക്കര കലത്തിൽ കൈയിട്ട് എടുത്തുതരാൻ ആവശ്യപ്പെടും. എന്നാൽ ഏഴുദിവസം കുടത്തിലെ വെള്ളത്തിൽ കിടന്ന ചക്കര അലിഞ്ഞു പോയതിനാൽ കലത്തിൽ കൈയിടുന്ന കുട്ടികൾക്ക് ചക്കര കിട്ടില്ല. ഇതുകണ്ട് ദേഷ്യത്തോടെ വെളിച്ചപ്പാട് 'ചക്കരക്കള്ളി'യെന്ന് വിളിച്ച് പച്ച ഈർക്കിലി കൊണ്ട് കുട്ടികളെ പ്രതീകാത്മകമായി തല്ലും. ദേവിയുടെ അനുഗ്രഹം ആവാഹിച്ച വെളിച്ചപ്പാടിന്റെ ഈ പ്രവൃത്തിയോടെ കുട്ടികളുടെ ബാലാരിഷ്ഠതകളും രോഗങ്ങളും ശമിക്കുമെന്നാണ് വിശ്വാസം.

തുടർന്ന് ഈ ചക്കരവെള്ളം ഉപയോഗിച്ച് അരിപ്പൊടി,പഴം,മുന്തിരി,കൽക്കണ്ടം എന്നിവ ചേർത്ത് പുഴുക്ക് ഉണ്ടാക്കി ചിക്കരക്കുട്ടികൾക്കും ഒപ്പമുള്ള മ​റ്റ് ഭക്തർക്കും വിതരണം ചെയ്യും. ഇത് കഴിക്കുന്നവരുടെ രോഗങ്ങളും ദുരിതങ്ങളും മാറുമെന്നാണ് വിശ്വാസം. ഇന്ന് രാത്രി 12 മണിയോടെ ആരംഭിക്കുന്ന ചടങ്ങുകൾ പുലർച്ചയോടെ സമാപിക്കും.ഉത്സവ നാളിൽ ദേവിക്ക് ഏ​റ്റവും ഇഷ്ടപ്പെട്ട ചടങ്ങായതിനാൽ ആദ്യവസാനം വരെ ദേവീ ചൈതന്യം ഇവിടെ ഉണ്ടാകുമെന്നാണ് വിശ്വാസം. ഇതുവരെ 3000ത്തോളം ചിക്കരക്കുട്ടികൾ ചിക്കര വഴിപാടിനായി എത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ദീപാരാധന വരെ രജിസ്റ്റർ ചെയ്യുന്നവരെ ചിക്കര വഴിപാടിനായി പങ്കെടുപ്പിക്കും.

കണിച്ചുകുളങ്ങരയിൽ ഇന്ന്

ചിക്കരകൊട്ടിക്കൽ കൂട്ടക്കള മഹോത്സവം, വൈകിട്ട് 5ന് സന്തോഷ് കുമാർ തൈക്കാട്ടുശേരിയുടെ പ്രഭാഷണം, ഗാനാർച്ചന 7.30ന്, നൃത്തം 9.30ന്