മാവേലിക്കര: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ.ഡി.എഫ് തെക്കൻ മേഖല കേരള സംരക്ഷണയാത്രയ്ക്കു മുന്നോടിയായി നടന്ന ചെട്ടികുളങ്ങര തെക്കൻ മേഖല കുടുംബ സംഗമം സി.പി.ഐ ബഹിഷ്കരിച്ചു.
യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സി.പി.ഐ പ്രവർത്തകരും നേതാക്കളും പങ്കെടുത്തില്ല. സി.പി.എം വിട്ടു സി.പി.ഐയിൽ ചേർന്ന പഞ്ചായത്തംഗം എസ്.ശശിയെ സ്വാഗത സംഘത്തിൽ ഉൾപ്പെടുത്താനാകില്ലെന്ന പരാമർശത്തെ തുടർന്നു നേരത്തെ, സ്വാഗതസംഘം രൂപീകരണ യോഗത്തിൽ നിന്നു സി.പി.ഐക്കാർ ഇറങ്ങിപ്പോയിരുന്നു. ഈ പ്രശ്നം പരിഹരിക്കാതെ കുടുംബസംഗമത്തിന്റെ നോട്ടീസിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറിയായ വിജയന്റെ പേര് സ്വാഗതസംഘം ചെയർമാൻ സ്ഥാനത്ത് വച്ചിരുന്നു. എന്നാൽ പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിക്കാതെ എൽ.ഡി.എഫ് സംവിധാനവുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബഹിഷ്കരണമെന്ന് നേതാക്കൾ വ്യക്തമാക്കി.