ആലപ്പുഴ: സ്വകാര്യ ചാനൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആലപ്പുഴ സ്വദേശി ജഗദീശനാണ് (30) പരിക്ക്. ഇന്നലെ വൈകിട്ട് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് സ്വകാര്യ ചാനൽ രാഷ്ട്രീയ പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പരിപാടി സംഘടിപ്പിച്ചത്. ഇരുവിഭാഗം പാർട്ടി പ്രവർത്തകർ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. പിന്നീട് ഇത് വാക്കേറ്റമാകുകയും തുടർന്ന് കയ്യാങ്കളിയിലെത്തുകയുമായിരുന്നു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ജഗദീശനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.