kalamahesh

ചേർത്തല: ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗത്തിന്റെ വീടിനു നേർക്കുണ്ടായ അക്രമത്തിലെ മുഖ്യ പ്രതിയടക്കം രണ്ടുപേർ പിടിയിൽ. ഒന്നാം പ്രതി പള്ളിപ്പുറം കരിയനാട്ടുവീട്ടിൽ മഹേഷ് (കാള മഹേഷ്-29), നാലാം വാർഡ് വടക്കേവെളി അരുൺ (27) എന്നിവരെയാണ് സി.ഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അരൂരിൽ നിന്ന് അറസ്​റ്റ് ചെയ്തത്.

മഹേഷ് വധശ്രമമടക്കം പത്തോളം കേസുകളിൽ പ്രതിയാണെന്നും ഇയാൾക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്യുമെന്നും പൊലീസ് പറഞ്ഞു. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡ് പടിഞ്ഞാറെ മംഗലത്ത് മുകുന്ദ കുമാറിന്റെ വീടിനു നേരെ കഴിഞ്ഞ 10ന് രാത്രിയിലാണ് മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമണം നടത്തിയത്. പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. മഹേഷിന്റെ കൂട്ടാളിയായ വൈശാഖ് ബാബുവിന് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് മർദ്ദനമേ​റ്റതാണ് ആക്രമണത്തിന് കാരണമായത്. കേസിൽ യുവതി ഉൾപ്പെടെ 14 പേർ പിടിയിലായി. മറ്റുള്ള തിരച്ചിൽ തുടരുകയാണെന്ന് സി.ഐ പി. ശ്രീകുമാർ പറഞ്ഞു.