ആലപ്പുഴ: 'ഇതു ഞാനാണ്, സി.എസ്.സുജാത. വാേട്ട് ചോദിക്കാൻ വീട്ടിലേക്കു വരുന്നുണ്ട്'- ഫോണിലൂടെ പറഞ്ഞപ്പോൾ മറുതലയ്ക്കൽ നിന്ന് എടുത്തടിച്ചപാേലെ ആ സ്ത്രീയുടെ മറുപടി വന്നു, 'ഇങ്ങോട്ട് വരേണ്ട. ഞങ്ങൾ സുധീരൻെറ ആൾക്കാരാ...'
'അതിനെന്താ, വീട്ടിൽ വന്ന് എല്ലാവരെയും കാണാമല്ലോ...'- നുരഞ്ഞുവന്ന ജാള്യത പുറത്തുകാട്ടാതെ സുജാത തിരിച്ചു പറഞ്ഞു. 'വേണ്ട, വേണ്ട... വരേണ്ട...'- ആ സ്ത്രീയുടെ നിലപാടിൽ മാറ്റമില്ല.
'എൻെറ മനസിനെ ആ വീട്ടമ്മ വല്ലാതെ വേദനിപ്പിച്ചു. തിരഞ്ഞെടുപ്പ് ഗോദയിൽ നിൽക്കുമ്പോൾ വോട്ടർമാരിൽ നിന്ന് ഇങ്ങനെയൊരു അനുഭവം ഉണ്ടായാൽ സ്ഥാനാർത്ഥിയുടെ മനസ് മരവിച്ചു പോകും. പിന്നെ ആലോചിച്ചപ്പോഴാണ് എനിക്ക് മനസിലായത്, അവർ പറഞ്ഞതാണ് ശരിയെന്ന്. വോട്ട് തരാമെന്ന് പറഞ്ഞിട്ട് തരാതിരുന്നാലോ, അത് പറഞ്ഞുപറ്റിക്കലാവില്ലേ. ഉള്ളത് മുഖത്ത് നോക്കി പറഞ്ഞാൽ കാര്യം തീരുമല്ലോ...'- ആലപ്പുഴയിൽ വി.എം. സുധീരനെതിരെ മത്സരിച്ചപ്പോഴുണ്ടായ അനുഭവം ഓർക്കുകയാണ് മാവേലിക്കരയിലെ മുൻ എം.പി സി.എസ് സുജാത.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവുമായ സുജാത രണ്ട് തവണയാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. രണ്ടും വമ്പൻമാരോട്. ആദ്യ മത്സരത്തിൽ വി.എം.സുധീരനോട് തോറ്റു. പിന്നെ മാവേലിക്കരയിൽ രമേശ് ചെന്നിത്തലയോട് ഏറ്റുമുട്ടി. ചെന്നിത്തലയെ 7,414 വോട്ടിന് തോൽപ്പിച്ചു. അതോടെ സുജാത താരമായി. ചെന്നിത്തലയെ തോൽപ്പിച്ചപ്പോൾ ഒരു പേര് വീണു, 'ജയൻറ് കില്ലർ'. മാവേലിക്കരയിലെ വോട്ടർമാർ സ്നേഹത്തോടെ മറ്റൊരു പേരും വിളിച്ചു, മാവേലിക്കരയുടെ മാനസപുത്രി...
'പോസ്റ്ററുകളിലെല്ലാം എൻെറ ചിത്രത്തിന് താഴെ മാനസപുത്രി എന്ന ഓമനപ്പേരും. ബ്ളാക്ക് ആൻഡ് വൈറ്റ് പാേസ്റ്ററുകളാണ്. തിരഞ്ഞെടുപ്പിൽ പാേസ്റ്ററുകൾ ഒട്ടിക്കുന്നത് ആവേശമാണ്. മാവേലിക്കരയിൽ വിജയിച്ച് സ്വീകരണം ഏറ്റുവാങ്ങാൻ ചെന്നപ്പോഴാണ്, അച്ചടിക്കുന്ന പാേസ്റ്ററുകളൊക്കെ എല്ലായിടത്തും പതിക്കില്ലെന്ന് മനസിലായത്. സ്വീകരണത്തിന് ഒരുക്കിയിരിക്കുന്ന പന്തൽ നിറയെ എൻെറ പാേസ്റ്ററുകൾ. അതുകണ്ട് എനിക്കും ചിരി, പ്രവർത്തകർക്കും ചിരി. തിരഞ്ഞെടുപ്പിനായി എൻെറ ചിത്രം ബോർഡിൽ ഒരു ആർട്ടിസ്റ്റ് വരയ്ക്കുകയാണ്. വര പൂർത്തിയായപ്പോൾ ആർട്ടിസ്റ്റിന് ഒരു സങ്കടം. എൻെറ 'സിംബലാ'യ കറുത്ത മാല വരയ്ക്കാൻ വിട്ടുപോയി. ആർട്ടിസ്റ്റ് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു സാരമില്ല...'- സുജാത തിരഞ്ഞെടുപ്പ് ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ്.
കറുത്തമാല സുജാതയ്ക്ക് അലങ്കാരമാണ്. ഇന്നും എന്നും ആ മാല സുജാതയുടെ കഴുത്തിലുണ്ട്. സിമ്പിളായ ജീവിതത്തിൻെറ നേർക്കാഴ്ചയാണ് സുജാത. കഴിവതും ബസിലേ യാത്ര ചെയ്യൂ. ജനങ്ങൾക്കിടയിൽ നിൽക്കുന്ന വനിതാ നേതാവ്. വള്ളികുന്നം രാമചന്ദ്രൻ നായരുടെയും സുമതി പിള്ളയുടെയും മകൾ. വള്ളികുന്നം ഗ്രാമത്തിൽ ജനിച്ചതാണ് തന്നെ രാഷട്രീയക്കാരിയാക്കി മാറ്റിയതെന്ന് സുജാത പറയുന്നു. തോപ്പിൽ ഭാസിയുടെയും കാമ്പിശേരി കരുണാകരൻെറയും പുതുശേരി രാമചന്ദ്രൻെറയുമൊക്കെ നാട്ടിൽ അവരുടെ നിഴലുകൾ കണ്ട് വളർന്ന് കുട്ടി. സുജാതയുടെ കുടുംബം പരമ്പരാഗത കമ്മ്യൂണിസ്റ്റുകാർ. ചേലേക്കടത്ത് കുഞ്ഞുരാമൻ എന്ന വലിയ കമ്മ്യൂണിസ്റ്റുകാരൻ അവസാന ശ്വാസം വലിച്ചപ്പോൾ ചോദിച്ചത് ഒറ്റ വാക്കായിരുന്നു, സുജാത ലീഡ് ചെയ്യുന്നോ... സുജാതയ്ക്ക് ലീഡ് എന്ന സന്തോഷ വാർത്ത കേട്ടാണ് അദ്ദേഹം വിടവാങ്ങിയത്. 'അമ്മയും അമ്മൂമ്മയും പറഞ്ഞുതന്ന ശൂരനാട് സമരത്തിൻെറ കഥ കേട്ടാണ് ഞാൻ വളർന്നത്. നിസ്വാർത്ഥ പ്രവർത്തകർ എങ്ങനെയായിരിക്കണമെന്ന സന്ദേശമായിരുന്നു ആ കഥകളിൽ.
എട്ടം ക്ളാസിൽ പഠിക്കുമ്പോൾ ഞാൻ എസ്.എഫ്.ഐ ക്ളാസ് ലീഡറായി. അവിടുന്ന് തുടങ്ങിയ രാഷ്ട്രീയ യാത്ര. ജി. സുധാകരൻ പ്രസിഡൻറായിരുന്ന ജില്ലാ കൗൺസിലിൽ അംഗമായി. കേരള സർവകലാശാല സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായി. 1995- 2004 ൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി.
കോൺഗ്രസിൻെറ കുത്തകയായിരുന്ന മാവേലിക്കരയിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ആദ്യ വനിതയുമായി. 'കേരളകൗമുദി' വായിച്ചാണ് ഞാൻ വളർന്നത്. ഓരോ ദിവസത്തെയും പത്രം സൂക്ഷിച്ചുവയ്ക്കുമായിരുന്നു. കേരളകൗമുദി നൂറാം വാർഷികം ആഘോഷിച്ചവേളയിൽ പണ്ടുകാലത്ത് സൂക്ഷിച്ചുവച്ചിരുന്ന നൂറ് പത്രം കേരളകൗമുദി ആലപ്പുഴ ഓഫീസിൽ എത്തിച്ചുകൊടുത്തു. അത്രയ്ക്ക് വികാരമാണ് കേരളകൗമുദിയോട്. മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇന്നും ഓർമ്മയിൽ മിന്നുന്നത് കെ.പി.എ.സി സുലോചനയുടെ ഗാനങ്ങളാണ്. എനിക്ക് വേണ്ടി സുലോചന ചേച്ചി പാടി; 'മാവേലി നാട്ടിൽ രഥം തെളിച്ചെത്തും വീരയാം പോരാളി...'