അമ്പലപ്പുഴ: മകളെ പ്രണയിച്ച യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ അറവുളശേരി വീട്ടിൽ ജോസഫ് (സാബു)- റോസമ്മ ദമ്പതികളുടെ മകൻ കുര്യൻ (20) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ പിതാവ് വാടക്കയ്ക്കൽ വേലിയകത്ത് വീട്ടിൽ സോളമനെ (42) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സോളമന്റെ, വിദ്യാർത്ഥിയായ മകളും കുര്യനും ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം വീട്ടുകാർ അറിഞ്ഞു. ഇതേച്ചൊല്ലി നിരവധി തവണ സോളമൻ യുവാവിനെ പലവിധത്തിൽ ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ ശല്യം ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഞായറാഴ്ച ബൈബിൾ ക്ലാസ് കഴിഞ്ഞ് വരികയായിരുന്ന പെൺകുട്ടിയുമായി കുര്യൻ സംസാരിച്ചു നിൽക്കവേ, ഇതുവഴിയെത്തിയ സോളമൻ കത്തി കൊണ്ട് വയറ്റിൽ കുത്തുകയായിരുന്നു. വാടയ്ക്കൽ ദൈവജനമാത പള്ളിക്ക് സമീപമായിരുന്നു സംഭവം. തുടർന്ന് സോളമൻ മകളെയും വിളിച്ചുകൊണ്ട് വീട്ടിലേക്കു പോയ ശേഷം സ്ഥലം വിട്ടു. പ്രദേശവാസികൾ കുര്യനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ അഞ്ചോടെ മരിച്ചു. തുർന്നാണ് സോളമനെ പൊലീസ് അറസ്റ്റ് ചെയ്തത്. സജിനയാണ് കുര്യന്റെ സഹോദരി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ കുര്യൻ.