photo
ഷിലയും മക്കളും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം. യൂണിയൻ കൺവീനർ കെ.കെ.മഹേശൻ, ശാഖാഭാരവാഹികളായ പൊന്നപ്പൻ അമ്പാടി,വിനോദ് കോയിക്കൽ,പി.ഓമനക്കുട്ടൻ എന്നിവർ സമീപം

 വീട് നിർമ്മിക്കാൻ എസ്.എൻ.ഡി.പി യോഗം 4 ലക്ഷം നൽകും

ചേർത്തല: ഷീലയുടെയും മക്കളുടെയും ദുരിത ജീവതത്തിന് ആശ്വാസം പകർന്ന് എസ്.എൻ.ഡി.പി യോഗവും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. മത്സ്യത്തൊഴിലാളിയായിരുന്ന ഭർത്താവ് 13 വർഷം മുമ്പ് ജോലിക്കിടെ കായലി​ൽ വള്ളത്തിൽവച്ച് ഹൃദയാഘാതം മൂലം മരിച്ചതോടെ ജീവിതത്തിൽ നിസഹായത തിരയടിച്ചുകൊണ്ടിരിക്കെ ലഭിച്ച കൈത്താങ്ങ് ഷീലയുടെ കണ്ണു നനയിച്ചു.

വയലാർ പഞ്ചായത്ത് രണ്ടാം വാർഡ് പുതുവൽ നികർത്ത് ഷീലയും പ്രായപൂർത്തിയാവാത്ത രണ്ടു പെൺമക്കളും മകനും അടങ്ങുന്ന കുടുംബത്തിന്റെ ദുരന്തകഥ 486-ാം നമ്പർ ശാഖാഭാരവാഹികളാണ് യൂണിയൻ നേതൃത്വം വഴി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ അറിയിച്ചത്. കൂലിവേല ചെയ്താണ് മൂന്നുകുട്ടികളെയും, ഭർത്താവിന്റെ മരണത്തോടെ ഷീല വളർത്തിയിരുന്നത്. പ്ളസ് ടുവിനു ശേഷം പഠനം മുടങ്ങിയ മകൻ പത്രവിതരണം നടത്തി സമ്പാദിക്കുന്ന ചെറിയ തുകയും തെല്ലൊരു ആശ്വാസമാണ്. വർഷങ്ങളായി അപകടാവസ്ഥയിലായിരുന്ന വീട് കഴിഞ്ഞ പ്രളയത്തോടെയാണ് പൂർണമായി തകർന്നത്. അടിത്തറ മുഴുവനായി താഴ്ന്ന് വേലിയേറ്റ സമയത്ത് വീടുമുഴവൻ വെള്ളം കയറുന്ന അവസ്ഥയിലാണ്. പൊട്ടിപ്പൊളിഞ്ഞ ഭിത്തികളുടെ ദ്വാരങ്ങൾ ടിൻ ഷീറ്റ് ഉപയോഗിച്ചാണ് മറച്ചിരിക്കുന്നത്.

ശാഖയിൽ നടന്ന ഗുരുദേവ ക്ഷേത്ര സമർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇവർക്ക് വീട് നിർമ്മിക്കാനായി 4 ലക്ഷം രൂപ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനായി 4 സെന്റ് സ്ഥലം റോഡിന് സമീപത്തായി ശാഖാ ഭാരവാഹികൾ നേരത്തെ കണ്ടെത്തിയിരുന്നു. ജനറൽ സെക്രട്ടറിയുടെ പ്രഖ്യാപനം നിറകണ്ണുകളോടെ ഷീലയും കുട്ടികളും സ്വീകരിച്ചത്. അധികം വൈകാതെ ഈ നിർദ്ധന കുടുംബത്തിന് ഇവിടെ സ്വപ്ന ഭവനമുയരും.