# ഒരുമാസം നീളുന്ന പറയെടുപ്പിനു തുടക്കം
മാവേലിക്കര: ഓണാട്ടുകരയിൽ രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന കൊയ്തുത്സവ മേളങ്ങളുടെ ആരവങ്ങൾ മുഴക്കി ചെട്ടികുളങ്ങര ഭഗവതിയുടെ പറയെടുപ്പ് എഴുന്നള്ളത്തിന് തുടക്കമായി. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പറയെടുപ്പും കുംഭഭരണി മഹോത്സവവും എതിരേൽപ്പ് മഹോത്സവവും എല്ലാമായി ഇനിയുള്ള നാളുകൾ ഓണാട്ടുകരയിൽ ആഘോഷമാണ്.
ഒന്നാം കരയായ ഈരേഴ തെക്ക് കരയിൽ നിന്നാണ് പറയെടുപ്പ് തുടങ്ങിയത്. കാട്ടൂർ ഇറക്കിപൂജയും സഹോദരി സ്ഥാനത്തുള്ള മുള്ളിക്കുളങ്ങര ദേവിയുമൊന്നിച്ചുള്ള ളാഹയിൽ എഴുന്നള്ളത്തും നടന്നു. രണ്ടാം കരയായ ഈരേഴ വടക്ക് പറയെടുപ്പ് നടന്നു. മേച്ചരിൽ ഇറക്കിപൂജ, കാട്ടുവള്ളിൽ ക്ഷേത്രത്തിൽ പോളവിളക്ക് എഴുന്നള്ളത്ത് എന്നിവയും നടന്നു. ഇന്ന് മൂന്നാം കരയായ കൈത തെക്കും നാളെ നാലാം കരയായ കൈത വടക്കും ദേവിയെ പറയ്ക്ക് എഴുന്നള്ളിക്കും. നാളെ കുതിരച്ചുവട്ടിൽ പോളവിളക്ക്, അൻപൊലി എന്നിവ നടക്കും.
22, 23 തീയതികളിൽ മാവേലിക്കര, 24ന് മങ്ങാട്ടേത്ത് ഇറക്കിപൂജ, 25ന് ഈരേഴ തെക്ക്, പരുമലഭാഗം അൻപൊലി. 26ന് ഈരേഴ വടക്ക്, 27ന് ദേശത്തിനകം, 28ന് എരുവ, പത്തിയൂർ പനച്ചോത്തി, മാർച്ച് 1, 2 തീയതികളിൽ നടക്കാവ്, 3ന് മേനാമ്പള്ളി പറയ്ക്കെഴുന്നള്ളത്ത്, കോയിക്കൽ ഇറക്കിപൂജ.
ശിവരാത്രി നാളായ 4ന് മുടുവൻപുഴത്ത് ഇറക്കിപൂജ, കണ്ണമംഗലം തെക്ക് പറയ്ക്കെഴുന്നള്ളത്ത്, കണ്ണമംഗലം മഹാദേവ ക്ഷേത്രത്തിൽ പിതൃപുത്രി സംഗമം എന്നിവ നടക്കും. ഇക്കൊല്ലത്തെ കുത്തിയോട്ട മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കുത്തിയോട്ട വീടുകളിൽ അന്ന് വിളക്ക് വെയ്ക്കൽ ചടങ്ങും നടക്കും. 11നാണ് ഈ വർഷത്തെ കുംഭഭരണി മഹോത്സവം.
കുംഭഭരണി മഹോത്സവത്തിന് ശേഷം 13ന് കണ്ണമംഗലം വടക്ക് പറയ്ക്കെഴുന്നളളത്ത്. 14, 15 തീയതികളിൽ കായംകുളം ഭാഗം. 16ന് കൈത തെക്ക്, കൈത വടക്ക്, പേള പറയ്ക്കെഴുന്നള്ളത്ത്. 17ന് ഈരേഴ തെക്ക് പുളിവേലിൽ, പുല്ലമ്പളളിൽ ഇറക്കിപൂജ, പുതുപ്പുരയ്ക്കൽ ഇറക്കിപൂജ, കോയിക്കത്തറയിൽ അൻപൊലി. 18ന് ഈരേഴ വടക്ക്, കമ്പനിപ്പടി അൻപൊലി. 19ന് കണ്ടിയൂർ, കാവുങ്കൽ വീട്ടിൽ വെച്ചുനിവേദ്യം. 20ന് മറ്റംതെക്ക് പറയ്ക്കെഴുന്നള്ളത്ത്.
# എതിരേൽപ്പ് മഹോത്സവം മാർച്ച് 21 മുതൽ
ക്ഷേത്രാവകാശികളായ പതിമൂന്ന് കരകളുടെ എതിരേൽപ് മഹോത്സവം മാർച്ച് 21 മുതൽ ഏപ്രിൽ 2 വരെ നടക്കും. ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റംതെക്ക്, മേനാമ്പളളി, നടക്കാവ് എന്നീ ക്രമത്തിലാണ് എതിരേൽപ്പ് മഹോത്സവം നടക്കുന്നത്. എതിരേൽപ്പ് മഹോത്സവത്തിനിടെ നെടുവേലിൽ അൻപൊലിയും കണ്ണമംഗലം വടക്ക് കരയിൽ അൻപൊലിയും പേള കരയിൽ പറയ്ക്കെഴുന്നള്ളത്തും ദ്വാദശി മുടിയിൽ ഇറക്കി പൂജയും നടക്കും. എതിരേൽപ്പ് മഹോത്സവങ്ങൾക്ക് ശേഷം ഏപ്രിൽ 3ന് പേള, 4ന് മറ്റം വടക്ക്, 5ന് കടവൂർ കരകളിലെ പറയെടുപ്പ് നടക്കും. 6ന് കോളശ്ശേരിൽ ഇറക്കിപൂജ, ആഞ്ഞിലിപ്ര പറയ്ക്കെഴുന്നള്ളത്ത്, പുതുശ്ശേരിൽ അമ്പലത്തിൽ അത്താഴപൂജ. 7ന് അശ്വതി അടിയന്തിരത്തോടെയാണ് ഉത്സവമേളങ്ങൾ സമാപിക്കുന്നത്. അന്ന് ഈഴേര വടക്ക് കുതിരചുവട്ടിലും മേനാമ്പള്ളി കളത്തട്ടിലും കൈതതെക്ക് ചെട്ടിയാരേത്ത് ആലുംമൂട്ടിലും അൻപൊലിയും ഈരേഴ തെക്ക് ചെറുമാളിയേക്കൽ ഇറക്കിപൂജയും നടക്കും. 9ന് തിരുവാഭരണം ചാർത്തിയുള്ള കാർത്തിക ദർശനത്തോടെ ഇക്കൊല്ലത്തെ ഉത്സാവാഘോഷങ്ങൾ സമാപിക്കും.