# ജില്ലയിൽ കിസാൻ സമ്മാൻ നിധിയിൽ ഒരു ലക്ഷം അപേക്ഷകർ

# അവസാന തീയതി സംബന്ധിച്ച് ആശയക്കുഴപ്പം

ആലപ്പുഴ: പ്രളയത്തിനു ശേഷമുള്ള ശീലമായി മാറിയ 'അക്കൗണ്ടിൽ തുകയെത്തൽ' കലാപരിപാടിയുടെ ഏറ്റവും പുതിയ പതിപ്പെന്നു വിശേഷിപ്പിക്കാവുന്ന 'പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി'യിലേക്കുള്ള അപേക്ഷകരുടെ തള്ളിക്കയറ്റത്തിൽ കൃഷി ഓഫീസുകൾ വാടിത്തളർന്നു. അഞ്ച് ഏക്കറിൽ താഴെ കൃഷിഭൂമിയുള്ളവർക്ക് 6,000 രൂപ മൂന്നു ഗഡുക്കളായി അക്കൗണ്ടിൽ എത്തുന്ന കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനമാണ് കിസാൻ സമ്മാൻ നിധി. ഇന്നലെയായിരുന്നു അവസാന തീയതി. ചില വാട്ട്സാപ്പ് സന്ദേശങ്ങളിൽ തീയതി 31 വരെ നീട്ടിയെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും കൃഷി ഓഫീസുകളിൽ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലാത്തതിനാൽ ആശയക്കുഴപ്പം തുടരുകയാണ്.

മൂന്നു ദിവസംകൊണ്ട് ഒരു ലക്ഷത്തിനടുത്ത് അപേക്ഷകളാണ് ജില്ലയിലെ 78 കൃഷി ഭവനുകളിലായി ലഭിച്ചത്. ഇന്നലെ മാത്രം അര ലക്ഷത്തോളം പേർ അപേക്ഷ നൽകി. മുഴുവൻ കൃഷി ഓഫീസുകളിലും വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. കടുത്ത ചൂട് സഹിക്കാനാവാതെ പലരും കുഴഞ്ഞു വീണു. കൃഷി ഓഫീസിലെ ഉദ്യോഗസ്ഥരുടെ അവസ്ഥയും കഠിനമായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാത്ത വിധമായിരുന്നു തിരക്ക്. എല്ലാ ജീവനക്കാരും സമ്മാൻ നിധിക്കു പിന്നാലെയായതിനാൽ കൃഷി ഓഫീസുകളിൽ മറ്റ് പ്രവർത്തനങ്ങളൊന്നും നടക്കുന്നുമില്ല.

അപേക്ഷകർ നൽകുന്ന വിവരങ്ങൾ കൃഷി ഭവനുകളിൽ നിന്ന് കിസാൻ വികാസ് നിധിയുടെ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. ഇന്നലെ തിരക്കും നെറ്റ് വർക്കിലെ തകരാറും കാരണം ഇതിന് ഏറെ സമയമെടുത്തു. പല അപേക്ഷകളും അപ് ലോഡ് ചെയ്യാനായില്ല. കഴിഞ്ഞ ഞായറാഴ്ച മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. തിങ്കളാഴ്ചയിലെ അപ്രതീക്ഷ ഹർത്താലിനെത്തുടർന്ന് അപേക്ഷകൾ സ്വീകരിക്കാനായില്ല. ഇന്നലെ പല കൃഷി ഒാഫീസുകളിലും തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ ഏർപ്പെടുത്തേണ്ടിവന്നു.

കിസാൻ വികാസ് നിധിയുടെ ദേശീയതല ഉദ്ഘാടനം 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഇന്നലെ വരെ ദേശീയ പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്ത ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ 6,000 രൂപ മൂന്നുഘട്ടമായി (2000 രൂപ വീതം) എത്തുമെന്നാണ് അറിയിപ്പ്. ഒരു കൃഷിഭവൻ പരിധിയിൽ കുറഞ്ഞത് 200 അപേക്ഷകളെങ്കിലും ഇന്നലെക്കൊണ്ട് അപ് ലോഡ് ചെയ്യമെന്നായിരുന്നു കൃഷി ഒാഫീസർമാർക്ക് ലഭിച്ച നിർദ്ദേശം. ജില്ലയിലെ കൃഷിഭവനുകളിൽ ശരാശരി 1500 അപേക്ഷകളെങ്കിലും അപ് ലോഡ് ചെയ്തിട്ടുണ്ട്.

.......................

# താളംതെറ്റി കൃഷി ഒാഫീസുകൾ

കൃഷി ഒാഫീസറും രണ്ട് അസിസ്റ്റൻ്റുമാരും ഉൾപ്പെടെ മൂന്ന് ജീവനക്കാരാണ് ഭൂരിപക്ഷം കൃഷി ഭവനുകളിലുമുള്ളത്. ഇവർക്ക് കൈകാര്യം ചെയ്യാവുന്നതിനും അപ്പുറമായിരുന്നു അപേക്ഷകൾ. ഡാറ്റ എൻട്രിക്ക് പുറത്തുനിന്ന് ആളെ ഏടുക്കാമെങ്കിലും എല്ലാ ഒാഫീസിലും നിലവിലെ ഉദ്യോഗസ്ഥർ തന്നെയാണ് ജോലികൾ ചെയ്തത്. അഞ്ച് ഏക്കറിൽ താഴെ കൃഷി ഭൂമിയുള്ള ചെറുകിട കർഷകർക്കാണ് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്.

...................................

# തീയതി നീട്ടി വാട്സാപ്പ്

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി മാർച്ച് 31 വരെ നീട്ടിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ കൃഷി ഒാഫീസിൽ നിർദ്ദേശം എത്തിയിട്ടില്ല. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആദ്യ ഗഡു കിട്ടുമോയെന്ന ആശങ്കയുമുണ്ട്.

..........................................

'അപേക്ഷകരുടെ ബാഹുല്യം മൂലം കൃഷി ഓഫീസുകളിൽ മറ്റ് പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്. അവസാന തീയതി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ല. അഞ്ച് ഏക്കറിൽ താഴെ കൃഷി ഭൂമിയുള്ള എല്ലാവർക്കും അപേക്ഷിക്കാം'

(ബീന നടേശ്; ജില്ലാ പ്രിൻസിപ്പൽ കൃഷി ഒാഫീസർ)