krishi
മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിലെ പച്ചക്കറി വിളവെടുപ്പ് സിനിമാ താരം അനൂപ് ചന്ദ്രൻ നിർവഹിക്കുന്നു

ചേർത്തല: മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിലെ കുരുന്നുകൾ പ്രളയത്തെ മറികടന്ന സ്കൂൾ വളപ്പിൽ നിന്ന് കൊയ്തെടുത്തത് നൂറുമേനി വിളവ്. കാബേജും തക്കാളിയും വഴുതനയും വെണ്ടയും പടവലവും പച്ചമുളകും ചീരയും ക്വാളി ഫ്‌ളവറുമൊക്കെ കുട്ടകളിൽ നിറഞ്ഞപ്പോൾ അത് കുട്ടിക്കൂട്ടത്തിന്റെ നിശ്ചയദാർഢ്യത്തിനുള്ള തെളിവുകൂടിയായി.

രണ്ടാം ക്ലാസ് എ,സി ഡിവിഷനിലെ കുട്ടികളാണ് രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ ജൈവ പച്ചക്കറി കൃഷി നടത്തിയത്. കൃഷി തുടങ്ങാൻ പണം തടസമായപ്പോൾ സ്‌കൂളിനെ സ്‌നേഹിക്കുന്നവർ മുൻകൂറായി പണം നൽകി സഹായിച്ചു. വിളവെടുപ്പിൽ ഒരു പങ്ക് നൽകാമെന്ന കരാറിലായിരുന്നു ഈ കൈത്താങ്ങ്. തൈ നടാനുള്ള ഗ്രോ ബാഗ് സൗജന്യമായി നൽകിയും കുരുന്നുകളുടെ ഈ ഉദ്യമത്തിന് സഹൃദയർ പിന്തുണയേകി. രക്ഷാകർത്താക്കൾ കൂടിയായ കഞ്ഞിക്കുഴിയിലെ മികച്ച കർഷകർ ശുഭകേശൻ, സെബാസ്​റ്റ്യൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തുന്നത്. പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീനാ നടേശും മ​റ്റു കൃഷി ഉദ്യോഗസ്ഥരും പ്രധാന അദ്ധ്യാപിക ജോളി തോമസും പി.ടി.എ ഭാരവാഹികളും ഒപ്പമുണ്ട്.

സ്‌കൂൾ ഉച്ചഭക്ഷണത്തിന് കുട്ടികൾ വിളിയിച്ച പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. മിച്ചം വരുന്നവ രക്ഷാകർത്താക്കൾക്കും മ​റ്റും ന്യായ വിലയ്ക്ക് നൽകും. കൃഷിയിലെ മികവിന് അവാർഡുകളും ലഭിച്ചു തുടങ്ങി. സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ ഹരിത വിദ്യാലയം പുരസ്‌കാരം ഹരിത മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമയിൽ നിന്ന് ഏ​റ്റുവാങ്ങി. 300 ചുവട് കാബേജിന്റെ വിളവെടുപ്പ് സിനിമാ താരം അനൂപ് ചന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി.സുധീർ അദ്ധ്യക്ഷനായി.എസ്.എൽ പുരം സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, പ്രധാനാദ്ധ്യാപിക ജോളി തോമസ്, കർഷകൻ ശുഭകേശൻ എന്നിവർ സംസാരിച്ചു.