ambalapuzha-news

ആലപ്പുഴ : കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള മിനിമം കൂലി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിലെ കരാർ - ദിവസ ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തി. സാഗര ആശുപത്രി, എൻജിനിയറിംഗ് കോളേജ്, ഫിനിഷിംഗ് സ്കൂൾ, എം .ബി.എ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ 250ഓളം വരുന്ന കരാർ ജീവനക്കാരാണ് ഇന്നലെ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ സൂചനാ പണിമുടക്ക് നടത്തിയത്. നിലവിൽ 350, 400 രൂപയാണ് ഇപ്പോൾ ദിവസം ലഭിക്കുന്നത്. മിനിമം കൂലിയായ 630 രൂപ തങ്ങൾക്കും ലഭിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അധികൃതർ ഇനിയും അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സി.പി.എം.ജില്ലാ കമ്മറ്റിയംഗം എച്ച്.സലാം സമരം ഉദ്ഘാടനം ചെയ്തു.കേപ്പ് കോൺട്രാക്ട് എംപ്ലോയ്മെന്റ് യൂണിയൻ പ്രസിഡന്റ് എ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.എം.രഘു, ജയകുമാർ, കെ.യു. മധു, ബി.ബിനോയ്, ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.