കായംകുളം : വാഹനമെത്താത്ത വീട്ടിൽ പ്രസവ വേദനകൊണ്ടു പുളഞ്ഞ സുനിതയുടെ മുന്നിലേക്ക്, 108 ആംബുലൻസ് ദൂരെ നിറുത്തിയ ശേഷം ദൈവദൂതരെന്നപോലെ സോനാ രാജനും മനു വർഗീസും പാഞ്ഞെത്തി. എന്തു ചെയ്യണമെന്നറിയാതെ വീട്ടുകാർ വിഷമിച്ചു നിൽക്കുന്നു. നിമിഷ നേരത്തെ കാത്തിരിപ്പ്. പൊക്കിൾക്കൊടി ബന്ധം വേർപെട്ട് 'സ്വതന്ത്ര'നായ കുഞ്ഞിപ്പൈതലിന്റെ കരച്ചിൽ ആ വീടിനെ സ്വർഗതുല്യമാക്കി.
കായംകുളം കാക്കനാട് സ്വദേശി രാജ്കുമാറിന്റെ ഭാര്യ സുനിതയുടെ പ്രസവമാണ് 108 ആംബുലൻസിലെ സ്റ്റാഫ് നഴ്സ് സോനാരാജന്റെയും ഡ്രൈവർ മനു വർഗ്ഗീസിന്റെയും നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ സുഖകരമായി നടന്നത്. സുനിതയ്ക്ക് പ്രസവ വേദന കലശലായതോടെയാണ് ആംബുലൻസ് സേവനം അഭ്യർത്ഥിച്ചത്. വീട്ടിലേക്ക് വാഹനം വരില്ലെന്ന യാഥാർത്ഥ്യം അല്പനേരത്തേക്ക് വീട്ടുകാർ മറന്നു. സുനിതയെ എടുത്തുകൊണ്ട് പുറത്ത് വാഹനത്തിലെത്തിക്കുക എന്നതും വെല്ലുവിളിയായി. വീട്ടുകാർ വല്ലാതെ ആശങ്കപ്പെട്ട നിമിഷങ്ങൾ. അപ്പോഴേക്കും സൈറൺ മുഴക്കിക്കൊണ്ടു ആംബുലൻസ് സുനിതയുടെ വീട് ലക്ഷ്യമാക്കി കുതിക്കാൻ തുടങ്ങിയിരുന്നു. ഡ്രൈവിംഗ് സീറ്റിൽ ജാഗ്രതയോടെ മനു വർഗീസ്. നൂറനാട്ടു നിന്ന് 15 മിനിട്ടുകൊണ്ട് 20 കിലോമീറ്റർ പിന്നിട്ട് വീടിനു സമീപം ആംബുലൻസ് നിന്നു.
ഒരുവിധത്തിലും വാഹനം വീടിനു മുന്നിലെത്തിക്കാൻ കഴിയില്ലെന്നു ബോദ്ധ്യമായതോടെ സുനിതയുടെ ജീവൻ അപകടത്തിലാവാതിരിക്കാൻ പ്രസവം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ സോനാ രാജൻ തീരുമാനിച്ചു. ഡെലിവറി കിറ്റുമായി വീട്ടിലേക്ക് ഇരുവരും കുതിച്ചു. എന്തും സംഭവിക്കാവുന്ന ഏതാനും നിമിഷങ്ങൾ. അല്പ സമയത്തിനകം കുഞ്ഞിന്റെ കരച്ചിൽ കേട്ടു. സുഖ പ്രസവം. പൊക്കിൾക്കൊടി വേർപെടുത്തിയ ശേഷം അമ്മയെയും കുഞ്ഞിനെയും എടുത്ത് ആംബുലൻസിലെത്തിച്ച് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺ കുഞ്ഞാണ്. ഇരുവരും സുഖമായിരിക്കുന്നു. ഡ്രൈവർ മനു വർഗ്ഗീസ് ഇത് നാലാം തവണയാണ് പ്രസവ കേസുമായി ബന്ധപ്പെട്ട് പായുന്നത്.