ആലപ്പുഴ: ശബരിമല വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന എൻ.എസ്.എസിനോട് സ്വരം കടുപ്പിച്ച് സി.പി.എം.
എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ മാടമ്പിത്തരം കൈയിൽ വച്ചാൽ മതിയെന്നും, അതിനു പിറകേ പോകാൻ സി.പി.എമ്മിനെ കിട്ടില്ലെന്നും, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ പറയുന്നത് നിങ്ങൾ കേട്ടുകൊള്ളണമെന്നത് മാടമ്പികളുടെ രീതിയാണ്. ആ ശബ്ദത്തെ അംഗീകരിക്കില്ല. ഇക്കാര്യം എൻ.എസ്.എസിലെ അണികൾക്ക് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. ആ സംഘടനയുടെ ജനറൽ സെക്രട്ടറി പറഞ്ഞാൽ, വേറെയാർക്കും പറയാനാവില്ല എന്ന രീതിയാണ്. എൻ.എസ്.എസിൽ എല്ലാ പാർട്ടിയിലുമുള്ളവർ ഉണ്ടെന്നത് അതിൻെറ ജനറൽ സെക്രട്ടറി മറക്കേണ്ട.
ജാതിയും മതവും പറഞ്ഞ് എൽ.ഡി.എഫിനെ തോൽപ്പിക്കാനാവില്ല. അങ്ങനെ ശ്രമിച്ചപ്പോഴൊന്നും തോറ്റിട്ടുമില്ല. എൻ.ഡി.പിയുണ്ടാക്കി എൻ.എസ്.എസ് രാഷ്ട്രീയ നിലപാട് സ്വീകരിച്ച 1987 ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നു. ഇത്തരം രാഷ്ട്രീയ നിലപാടുകൾ എൻ.എസ്.എസ് മുമ്പും നടത്തിയിട്ടുണ്ട്. അതിനെ നേരിടാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.