# കൊയ്ത്തു നടക്കുന്ന പാടങ്ങളിൽ മികച്ച വിളവ്

ആലപ്പുഴ: ജില്ലയിൽ കൊയ്ത്ത് മുന്നേറവേ, കാർഷിക മേഖല ആഹ്ളാദത്തിൽ.

മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച വിളവാണ് എല്ലാ പാടങ്ങളിലും ലഭിക്കുന്നത്.

പരമാവധി 5 ടൺ വരെ നെല്ല് പ്രതീക്ഷിച്ച പാടങ്ങളിൽ 7.8 ടൺ സംഭരിക്കാൻ കഴിഞ്ഞു. ജില്ലയിൽ ഇതുവരെ സപ്ലൈകോ 1,241 കിലോ മെട്രിക് ടൺ (12.41 ലക്ഷം കിലോ) നെല്ലാണ് സംഭരിച്ചത്. കൊയ്ത്ത് പൂർത്തിയാകുമ്പോഴേക്കും ഇക്കുറി റെക്കോഡ് അളവിൽ നെല്ല് സംഭരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ ജില്ലാ സഹകരണ ബാങ്കുകൾ ഉൾപ്പെടെ 15 ബാങ്കുകൾ വഴിയാണു കർഷകർക്കു പണം നൽകുന്നത്. ബാങ്കുകളും സപ്ലൈകോ അധികൃതരുമായി ഇതു സംബന്ധിച്ച് കരാറുണ്ടാക്കിയിരുന്നു. നെല്ല് സംഭരിക്കാൻ സ്വകാര്യ മില്ലുടമകളും കർഷകർക്കു പണം അനുവദിക്കാൻ പൊതുമേഖലാ ബാങ്കുകളും ഒട്ടേറെ വ്യവസ്ഥകൾ മുന്നോട്ടു വയ്ക്കുന്ന സാഹചര്യത്തിലാണു ബദൽ മാർഗമായി സഹകരണ ബാങ്കുകൾ വഴി പണം നൽകാൻ സർക്കാർ തീരുമാനിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ച തുകയായ 25.30 രൂപ (കിലോയ്ക്ക്) സപ്ലൈകോ കർഷകർക്ക് നൽകും.

.........................................

# യന്ത്രങ്ങളുണ്ട്

ഒന്നിടവിട്ട പാടങ്ങളിലാണ് നിലവിൽ കൊയ്ത്ത് നടക്കുന്നത് എന്നതിനാൽ കൊയ്ത്ത് യന്ത്രങ്ങളുടെ ലഭ്യത ഇതുവരെ പ്രശ്നമായിട്ടില്ല. എന്നാൽ വരുംദിവസങ്ങളിൽ മുന്നൂറിലധികം പാടങ്ങളിൽ കൊയ്ത്ത് നടത്തേണ്ടതുണ്ട്. ഇതിനിടെ, കർഷകർ ഏറ്റവുമധികം ഭയക്കുന്നത് വേനൽ മഴയാണ്. ഇക്കുറി ഏതെങ്കിലും വിധത്തിലുള്ള പ്രകൃതി ക്ഷോഭമുണ്ടായാൽ വൻ നഷ്ടമായിരിക്കും കർഷകർ നേരിടേണ്ടി വരിക.

..............................................

'ജില്ലയിൽ 15 ശതമാനം കൊയ്ത്ത് കഴിഞ്ഞു. ബാക്കിയുള്ളിടത്ത് ഇന്നലെ കൊയ്ത്ത് ആരംഭിച്ചു. ഏപ്രിലോടെ പൂർത്തീകരിക്കാൻ സാധിക്കും. നല്ല സംഭരണമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്'

(ബീന നടേശ്, ജില്ല പ്രിൻസിപ്പൽ കൃഷി ഒാഫീസർ)

...........................................

'ജനുവരി മുതൽ ജില്ലയിൽ നിന്ന് നെല്ല് സംഭരിച്ച് തുടങ്ങിയത്. ആലപ്പുഴയിൽ നിന്ന് 1,241 കിലോ മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. കഴിഞ്ഞ വർഷം നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള കുടിശിക വിതരണത്തിന് നടപടികൾ പൂർത്തിയായിട്ടുണ്ട്. കേന്ദ്രവിഹിതം വൈകിയതാണ് തിരിച്ചടിയായത്. ഇത്തവണ സംഭരിക്കുന്ന നെല്ലിന്റെ മുഴുവൻ തുകയും കൊടുത്തു തീർക്കും'

(എ.വി.സുരേഷ് കുമാർ, സപ്ളൈകോ പാഡി മാർക്കറ്റിംഗ് ഒാഫീസർ)