ചേർത്തല: ജില്ലാ റൈഫിൾ അസോസിയേഷൻ ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് കാമ്പസിന് സമീപം ആലപ്പുഴയിൽ പുതിയതായി തുടങ്ങുന്ന ഷൂട്ടിംഗ് റേഞ്ചിന്റെ നിർമ്മാണം നേരിട്ട് വിലയിരുത്താൻ കായിക വകുപ്പു മന്ത്റി ഇ.പി. ജയരാജൻ എത്തി.
ഒളിമ്പിക്‌സ് വേദികളിലടക്കം ഷൂട്ടിംഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കേരളത്തിൽ നിന്ന് ഭാവിയിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്.10 മീറ്റർ ഏയർ പിസ്റ്റൾ, 50 മീറ്റർ ഫയർ ആംസ് അടക്കം സ്‌കൂൾ തലത്തിലും കോളേജ് തലത്തിലുമുള്ളവർക്ക് ഷൂട്ടിംഗിൽ പരിശീലനം നൽകും. കഴിഞ്ഞ 27നാണ് മന്ത്റി ജി.സുധാകരൻ ജില്ലാ റൈഫിൾസ് അസോസിയേഷന്റെ ഷൂട്ടിംഗ് റേഞ്ച് ശിലാസ്ഥാപനം നിർവഹിച്ചത്. 30 ലക്ഷത്തോളം രൂപയാണ് ജില്ലയിലെ ആദ്യ ഷൂട്ടിംഗ് റേഞ്ച് പരിശീലന കേന്ദ്രത്തിനുള്ള ചിലവ് പ്രതീക്ഷിക്കുന്നത്. നിലവിലെ 30 അംഗങ്ങൾ ചേർന്നാണ് നിർമ്മാണ ചെലവ് വഹിക്കുന്നത്. ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി കിരൺ മാർഷൽ, സെന്റ് മൈക്കിൾസ് കോളേജ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ, എക്‌സിക്യുട്ടീവ് അംഗങ്ങളായ വി.എസ്.കണ്ണൻ, എ.സി. ശാന്തകുമാർ, ഡോ.സി.ആന്റണി, അബി അറയ്ക്കൽ, എ.സി.വിനോദ്കുമാർ, മഹാദേവൻ, എസ്. ജോയി, ജയൻ തോപ്പിൽ, ഡി.കെ. ഹാരീഷ് എന്നിവരും മന്ത്റിക്കൊപ്പമുണ്ടായിരുന്നു.