ആലപ്പുഴ: എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസും മുതുകുളത്ത് നടത്തിയ റെയ്ഡിൽ 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി രണ്ടുപേർ പിടിയിലായി. മുതുകുളം തെക്ക് പടന്നയിൽ വീട്ടിൽ അനിൽകുമാർ (അനി,42 ), പുലത്തറയിൽ വീട്ടിൽ ബാബുക്കുട്ടൻ (46 ) എന്നിവരെയാണ് ബൈക്കിൽ ചാരായം കടത്തുന്നിടെ എക്‌സൈസ് സംഘം ഇന്നലെ പുലർച്ചെ പിടികൂടിയത്.
50 ലിറ്റർ കോട കണ്ടെത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം ഇവരുടെ അയൽവാസിയായ കാർത്തിക ഭവനം വീട്ടിൽ രാജേന്ദ്രനെ പ്രതിയാക്കി കണ്ടെത്തി കേസ് എടുത്തിരുന്നു. തുടർന്ന് ഇൗ പ്രദേശങ്ങളിൽ എക്സൈസ് നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. ഇന്നലെ പുലർച്ചെ ചാരായം ആവശ്യക്കാർക്ക് എത്തിക്കുന്നതിനിടെയാണ് അനിയും ബാബുക്കുട്ടനും പിടിക്കപ്പെട്ടത്. 10 ലിറ്ററിന്റെ രണ്ട് കന്നാസുകളിലും 5 ലിറ്ററിന്റെ ഒരു കന്നാസിലുമാണ് ചാരായം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ 5 വർഷമായി ചാരായ വില്പന നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചു. തുടർന്നുള്ള പരിശോധനയിൽ ബാബുക്കുട്ടന്റെ വീടിന്റെ പരിസരത്ത് വെള്ളക്കെട്ടിൽ ഇറക്കിയ നിലയിൽ വാറ്റുപകരണങ്ങളും കോട സൂക്ഷിച്ചിരുന്ന 35 ലിറ്ററിന്റെ രണ്ട് പ്ലാസ്റ്റിക് കന്നാസുകളും കണ്ടെത്തി. പിടികൂടിയ ചാരായം ആയുർവേദ ചേരുവകളും മറ്റും ചേർത്ത് നിർമ്മിച്ചതാണ്. കായംകളും മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. എക്‌സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ വി. റോബർട്ടിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇന്റലിജൻസ് ഇൻസ്‌പെക്ടർ ആർ. പ്രശാന്ത്, പ്രിവന്റീവ് ഓഫീസർമാരായ എൻ. ബാബു, പി.സി. ഗിരീഷ്, എ.കുഞ്ഞുമോൻ, ജി. അലക്‌സാണ്ടർ, ഐ.ഷിഹാബ് സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.വി. അശോകൻ, സനൽ സിബിരാജ്, ഡ്രൈവർ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.