kanichu

ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ പട്ടും താലിയും ചാർത്ത് മഹോത്സവം ഇന്ന് നടക്കും.തിരുവാഭരണം ചാർത്തി സർവാഭരണ വിഭൂഷിതയായിരിക്കും ഇന്ന് കണിച്ചുകുളങ്ങര അമ്മ . ചടങ്ങിൽ പങ്കെടുക്കാൻ ചിക്കരകുട്ടികളും അണിഞ്ഞൊരുങ്ങി എത്തും.അരയിലും തലയിലും ചെമ്പട്ടു കെട്ടി ആടയാഭരണങ്ങൾ അണിഞ്ഞ് തലയിൽ കിരീടവും അണിഞ്ഞാണ് ചിക്കരകുട്ടികൾ താലി ചാർത്തിനെത്തുന്നത്.രാവിലെ പൂജകൾക്ക് ശേഷം നിലവറ തുറന്ന് ദേവിയുടെ ആഭരണങ്ങളും ആയുധങ്ങളും പുറത്തെടുത്ത് അവകാശികളായ തട്ടാനെയും കൊല്ലപ്പണിക്കാരനേയും എൽപ്പിച്ച് മിനുക്കും.മിനുക്കിയ ആഭരണങ്ങൾ പ്രത്യേക പൂജകൾക്ക് ശേഷം തിരുവാഭരണ ഘോഷയാത്രയായി എത്തിച്ച് മേൽശാന്തിക്ക് കൈമാറും.ഉച്ചയ്ക്ക് 12നാണ് താലിചാർത്ത് .

യക്ഷി​യമ്മ നടയി​ൽ സർപ്പംപാട്ട്

12-ാം ഉത്സവ ദിനത്തിൽ ആരംഭിച്ച് 16-ാം ഉത്സവദിനത്തിൽ പുലർച്ചെ വരെയാണ് യക്ഷിയമ്മ നടയിൽ സർപ്പം പാട്ട് നടക്കുന്നത്.പുരാതന കാലത്ത് മുഹമ്മ ചീരപ്പൻചിറയിൽ നിന്ന് എത്തിച്ചതാണ് കണിച്ചുകുളങ്ങരയിലെ യക്ഷിയമ്മയുടെ പ്രതിഷ്ഠ.27ന് പുലർച്ചെ നടക്കുന്ന പൊങ്ങും നൂറും വഴിപാടോടെയാണ് സർപ്പംപാട്ട് അവസാനിക്കുന്നത്.പച്ച മഞ്ഞൾ,തെങ്ങിൻ പൂക്കുല,കവുങ്ങിൻ പൂക്കില തുടങ്ങിയവ ഉരലിൽ ഇടിച്ച് കിട്ടുന്ന പ്രസാദമാണ് പൊങ്ങും നൂറും വഴിപാടിന് നൽകുന്നത്.ഇത് കഴിച്ചാൽ അടുത്ത ഒരു വർഷത്തേയ്ക്ക് വിഷബാധയേക്കില്ലെന്നാണ് വിശ്വാസം.മണിനാഗം,പറനാഗം,അഞ്ചല മണിനാഗം,നാഗരാജാവ്,നാഗയക്ഷി തുടങ്ങിയ 12 കളങ്ങളാണ് സർപ്പംപാട്ടിന്റെ ഭാഗമായി ഒരുക്കുന്നത്.പുള്ളുവൻമാരായ ഹരിദാസ്,അശോകൻ എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത്.

കണിച്ചുകുളങ്ങരയിൽ ഇന്ന്

ഉത്സവം 15-ാം ദിവസം,താലിചാർത്ത് മഹോത്സവം,ഉച്ചയ്ക്ക് 12ന് പട്ടുംതാലിയും ചാർത്ത്,ആത്മീയ പ്രഭാഷണം വൈകിട്ട് 5ന്,ദീപാരാധന,വിളക്ക് 6.30ന്,ഭക്തിഗാനമേള 7.30ന്,മെഗാഹിറ്റ് ഗാനമേള രാത്രി 9.30ന്