ആലപ്പുഴ: സഹോദരങ്ങൾ അപ്പുറവും ഇപ്പുറവും നിന്ന് മത്സരിക്കുക. രണ്ട് പേരും ജയിക്കുക. രണ്ട് പേരും ഒരുമിച്ച് ഒരേ നിയമസഭയിലെത്തുക. സഭയിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും നിന്ന് വീറോടെ വാദിക്കുക. അങ്ങനെ നിയമസഭയുടെ മുഴുവൻ ശ്രദ്ധാകേന്ദ്രമാകുക...
വി. ദിനകരനും പ്രൊഫ. എ.വി.താമരാക്ഷനുമാണ് ഈ താരങ്ങൾ. മൂത്തയാളാണ് ദിനകരൻ. നാല് തവണ മത്സരിച്ചു. രണ്ടുതവണ ജയിച്ചു. താമരാക്ഷൻ എട്ട് തവണ മത്സരിച്ചു. അഞ്ചുതവണ ജയിച്ചു. 1982 മുതൽ 87 വരെയും 89 മുതൽ 91വരെയുമാണ് ഈ അപൂർവ സഹോദരങ്ങൾ സഭയുടെ തിളക്കമായത്.
ദിനകരൻ കോൺഗ്രസ് പക്ഷത്ത്. താമരാക്ഷൻ ആദ്യം യു.ഡി.എഫ് പക്ഷത്തും പിന്നെ എൽ.ഡി.എഫിലും. ആദ്യം മത്സര രംഗത്ത് ഇറങ്ങിയത് താമരാക്ഷൻ. മത്സരിച്ചത് കമ്മ്യൂണിസ്റ്റ് കോട്ടയായ മാരാരിക്കുളത്ത് ആർ.എസ്.പി സ്ഥാനാർത്ഥിയായി. ആർ.എസ്.പി യു.ഡി.എഫിനൊപ്പം നിന്ന 1977 കാലം. ഉറപ്പായും പരാജയപ്പെടുമെന്ന മുൻവിധികൾ കേട്ട താമരാക്ഷൻ തിരുവനന്തപുരത്തേക്കോടി. ബേബിജോണിനെ ചെന്നുകണ്ടു. മാരാരിക്കുളത്ത് മത്സരിക്കാൻ വയ്യ. കേട്ടതും ബേബിജോൺ ദേഷ്യപ്പെട്ടു. ഒടുവിൽ താമരാക്ഷൻ മനസില്ലാമനസോടെ തിരികെ ആലപ്പുഴയിൽ വന്നു. ചേർത്തല എസ്.എൻ കോളേജിലെ അദ്ധ്യാപകരോടും സുഹൃത്തുക്കളുമായ ഹരി, വെളിയം രാജൻ, ജയചന്ദ്രൻ എന്നിവരോടും കാര്യങ്ങൾ പറഞ്ഞു. അവർ സമാശ്വസിപ്പിച്ചു. അങ്ങനെ മൂവരും കൂടി വോട്ടു പിടിക്കാനിറങ്ങി.
താമരാക്ഷനും ഹരിയുംകൂടി വീടുകൾ കയറുമ്പോൾ മറ്റു രണ്ടുപേർ തകർപ്പൻ പ്രസംഗത്തിലായി. പ്രായമായ ഒരു സ്ത്രീയുടെ വീട്ടിലെത്തി അനുഗ്രഹിക്കണമെന്ന് അവരുടെ കൈപിടിച്ച് തലയിൽ വച്ച് കേണു. അവർ സി.പി.എമ്മിൻെറ സജീവപ്രവർത്തകയും ജാഥയ്ക്ക് മുദ്രാവാക്യം വിളിക്കുന്നവരുമായിരുന്നു. താമരാക്ഷന് അതറിയില്ലായിരുന്നു. സി.പി.എമ്മുകാർ പറഞ്ഞു പ്രചരിപ്പിച്ചു താമരാക്ഷൻ ആ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന്. താമരാക്ഷൻ ഇതൊന്നുമറിയുന്നില്ല. ഒരുദിവസം വീണ്ടും വോട്ട് ചോദിച്ച് ആ സ്ത്രീയുടെ വീട്ടിൽച്ചെന്നതും അവരുടെ മകൾ അരിവാളുമായി വെട്ടാൻ ചാടി വീണു. താമരാക്ഷൻ പേടിച്ചുപോയി. 'നിങ്ങൾ എൻെറ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചില്ലേ, ഞങ്ങൾക്ക് ജീവിക്കാൻ പറ്റുന്നില്ല. എല്ലാവരും പറഞ്ഞുനടക്കുന്നു...' താമരാക്ഷൻ അന്തം വിട്ടു.
'മോളേ, അമ്മയ്ക്ക് എന്ത് പ്രായമുണ്ട്? എൻെറ അമ്മയുടെ പ്രായമല്ലേ'- അതുകേട്ട് ആ മകൾ ശാന്തയായി. ഒടുവിൽ സത്യംതിരിച്ചറിഞ്ഞ അവർ സ്ഥാനാർത്ഥിക്കും കൂട്ടർക്കും കട്ടൻചായ നൽകിയാണ് യാത്രയാക്കിയത്.
ഇത് താമരാക്ഷൻെറ അനുഭവമാണെങ്കിൽ ദിനകരനിലേക്ക് വരാം. കമ്മ്യൂണിസ്റ്റ് കോട്ടയായ കൈനകരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബോട്ടിൽ വോട്ട് ചോദിച്ച് നീങ്ങുകയാണ്. ബോട്ടിൽ നിന്നുകൊണ്ട് ദിനകരൻ കരയിൽ നിൽക്കുന്നവരെ നോക്കി കൈവീശുകയാണ്. പൊടുന്നനെ കല്ലും കട്ടയും കൊണ്ടുള്ള ഏറായി. സ്ഥാനാർത്ഥി ബോട്ടിൽ നിന്ന് പ്രസംഗിക്കാൻ തുടങ്ങി. 'ആരെടാ പ്രസംഗിക്കുന്നത്...'- ഇടിമുഴങ്ങുന്ന ശബ്ദത്തോടെ ഒരു ചോദ്യം, ഒപ്പം അസഭ്യ വാക്കുകളും. സ്ഥാനാർത്ഥി ജീവനും കൊണ്ടോടി!
കരുണാകരനാണ് ദിനകരൻെറ രാഷ്ട്രീയ ഗുരു. താമരാക്ഷൻെറ ഗുരുക്കൾ ശ്രീകണ്ഠൻ നായരും ബേബിജോണും. 1987 ൽ താമരാക്ഷൻ ഹരിപ്പാട് മത്സരക്കുകയാണ്. രമേശ് ചെന്നിത്തലയാണ് എതിരാളി. ദിനകരൻ അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി. എതിരാളി ജി.സുധാകരനും. അപ്പുറവും ഇപ്പുറവും മണ്ഡലങ്ങളിൽ സഹോദരങ്ങൾ ഇരുമുന്നണിയിലായി അങ്കം വെട്ടുന്നു. താമരാക്ഷനെതിരെ പ്രസംഗിക്കാൻ ദിനകരൻ ഹരിപ്പാടെത്തി. പക്ഷേ തനിക്കെതിരെ പ്രചാരണം നടത്താൻ താമരാക്ഷൻ വന്നിട്ടില്ലെന്ന് ദിനകരൻ ഓർക്കുന്നു.
താമരാക്ഷൻ തോൽക്കുമെന്ന് പറഞ്ഞ കന്നി തിരഞ്ഞെടപ്പിൽ 4560 വോട്ടിന് വിജയിച്ചു. തോറ്റത് പുന്നപ്ര വയലാർ സമരനായകൻ പി.കെ. ചന്ദ്രാനന്ദൻ. അങ്ങനെ ആദ്യമായി സി.പി.എമ്മിനെ തോൽപ്പിച്ച താമരാക്ഷൻ അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിൽ മാരാരിക്കുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച് എൽ.ഡി.എഫിൻെറ ഭാഗമായി. പിന്നെ വിജയിച്ചും വിജയിക്കാതെയുമുള്ള മത്സരങ്ങൾ.
ദിനകരനാകട്ടെ പാർലമെൻറിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയിട്ട് നിയമസഭയിൽ മത്സരിക്കേണ്ടി വന്ന തീർത്തും വ്യത്യസ്തനായ സ്ഥാനാർത്ഥിയായിരുന്നു. കരുണാകരൻ പറഞ്ഞു, ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന്. അങ്ങനെ നാമനിർദ്ദേശപത്രിക നൽകി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കരുണാകരൻ വീണ്ടും വിളിച്ചിട്ട് പറഞ്ഞു; ആദ്യ മത്സരമല്ലേ, പാർലമെൻറിലേക്ക് വേണ്ട നിയമസഭയിലേക്ക് മത്സരിക്കാൻ! അങ്ങനെ നിയമസഭയിലേക്കായി മത്സരം. പി.കെ.ചന്ദ്രാനന്ദനായിരുന്നു എതിരാളി. 3125 വോട്ടിന് ദിനകരൻ തോറ്റു. കന്നി മത്സരത്തിൽ ദിനകരനും താമരാക്ഷനും ഏറ്റുമുട്ടിയത് പി.കെ.ചന്ദ്രാനന്ദനോട്. ഒരാൾക്ക് തോൽവി, ഒരാൾക്ക് വിജയം.