ആലപ്പുഴ: സി.വി. പത്മരാജൻ മന്ത്രിയായിരുന്ന കാലം. അദ്ദേഹത്തിനുള്ള ഒരു ഫോൺകോൾ വഴി തെറ്റി എത്തിയത് സംവിധായകൻ പി.പത്മരാജൻെറ മുന്നിൽ. പത്മരാജൻ ഫോണെടുത്തു. അങ്ങേതലയ്ക്കലുള്ളയാൾ സംസാരിച്ചുതുടങ്ങി. അത് മുഴുവൻ സംവിധായകൻ പത്മരാജൻ കേട്ടിരുന്നു. ആ സംസാരത്തിൽ നിന്നാണ് അപരൻ എന്ന സിനിമ പത്മരാജൻെറ മനസിലുദിച്ചത്. ഒരേ പേരിൽ നിന്നുണ്ടായ ഒരു കഥ അങ്ങനെ ഒരു സിനിമയായി. അപരൻെറ കഥ സിനിമയിൽ അങ്ങനെയുണ്ടായതെങ്കിൽ അപരൻെറ ഒറിജിനൽ കഥ അതിനെക്കാളൊക്കെ മുന്നേ തുടങ്ങിയതാണ്. ശരിക്കും രാഷ്ട്രീയക്കളത്തിൽ. ഇവിടെ അപരൻ മന്ത്രിയായിട്ടോ, സംവിധായകനായിട്ടോ അല്ല വരുന്നത് . സ്ഥാനാർത്ഥിയായിട്ടാണ്. അങ്ങനെയെത്തിയ ഒരു അപരൻ തരംഗമായ തിരഞ്ഞെടുപ്പ് ആലപ്പുഴയിലുണ്ടായിരുന്നു. അപരനിൽ തട്ടിത്തെറിച്ചത് സാക്ഷാൽ വി.എം.സുധീരനും. അപരനായി പ്രത്യക്ഷപ്പെട്ടത് വി.എസ്.സുധീരൻ'. ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമായിരുന്നു ഈ അപരൻ.

2004 ലെ ലോക്സസഭാ തിരഞ്ഞെടുപ്പ്. ആലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എം.സുധീരൻ. വിജയങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്ന സുധീരനെ തളയ്ക്കാൻ എന്തുണ്ട് മാർഗം. എൽ.ഡി.എഫിൽ ആലോചന പലവഴിയിലായി. സ്ഥാനാർത്ഥിയാക്കി നിറുത്തിയത് ഡോ.കെ.എസ്.മനോജിനെ. ലാറ്റിൻ കത്തോലിക്കരുടെ വോട്ട് മുഴുവൻ തൂത്തുവാരുകയാണ് മനോജിലൂടെ ലക്ഷ്യമിട്ടത്. പക്ഷേ, സുധീരനെ വീഴ്ത്തുക അത്ര എളുപ്പമല്ല. അപ്പോൾ പൂഴിക്കടകൻ തന്നെ പ്രയോഗിക്കണമെന്ന് ചില പാർട്ടി സഖാക്കൾ ചിന്തിച്ചു. അവർ ഒരു അപരനെഇറക്കി. വി.എസ്. സുധീരനെ. വോട്ടെണ്ണിയപ്പോൾ അപരൻ ഞെട്ടിച്ചു.8332 വോട്ട് വി.എസ്.സുധീരൻ പിടിച്ചു. അതോടെ വി.എം.സുധീരൻ കെ.എസ്.മനോജിനോട് 1009 വോട്ടിന് തോറ്റു.

വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ മുഹമ്മ കല്ലാപ്പുറം വിരുത്തുകണ്ടത്തിൽ ശ്രീധരൻ മകൻ സുധീരൻ കാത്തിരിക്കുകയാണ്. അപരൻ വേഷത്തിനായി. വി.എം.സുധീരൻ മത്സരിക്കാൻ വീണ്ടും ആലപ്പുഴയിലെത്തിയാൽ അപരൻ സുധീരനും മത്സരത്തിനിറങ്ങും.

ഇനി മത്സരിക്കേണ്ടെന്നാണ് വിചാരിക്കുന്നത്, പക്ഷേ, തീർത്ത് പറയാനാവില്ല എന്ന ഒഴുക്കൻമട്ടിലെ മറുപടിയിലും ഒരപരൻ സ്വരം ഒളിഞ്ഞിരിക്കുന്നു.

ഡി.വൈ.എഫ്.എെ പഞ്ചായത്ത് കമ്മിറ്റി അംഗവും സി.പി.എം അംഗവുമായിരുന്ന കാലത്താണ് അപരനായി ഇറങ്ങിയത്. സുഹൃത്തുക്കളാണ് കെട്ടിവയ്ക്കാനുള്ള 25,000 രൂപ നൽകിയത്.

വി.എം.സുധീരനെ തോൽപ്പിക്കുക എന്ന ഒറ്റലക്ഷ്യത്തിൽ നിന്ന അപരൻ തൻെറ വോട്ട് നൽകിയത് കെ.എസ്.മനോജിനാണ്.

അന്നത്തെ ഓർമ്മ വി.എസ്.സുധീരൻ പങ്കുവയ്ക്കുന്നു : എസ്.ഡി.വി സ്കൂളിൽ വോട്ടെണ്ണൽ ക്ളൈമാക്സിലെത്തുകയാണ്. സ്ഥാനാർത്ഥികളെല്ലാമുണ്ട്. ഫലം വന്നപ്പോൾ അപരൻ സുധീരൻ നേരെ വി.എം.സുധീരൻെറ മുന്നിലെത്തി. വി.എം.സുധീരൻ അപരന് കൈകൊടുത്തു. ശരിയെന്ന് പറഞ്ഞ് നടന്നുപോയി. പിന്നെ സുധീരനെ നേരിട്ട് കണ്ടിട്ടില്ലെന്ന് അപരൻ സുധീരൻ പറയുന്നു. ആലപ്പുഴ പുത്തനങ്ങാടി കയർ ഫാക്ടറിയിലെ ജീവനക്കാരനായ വി.എസ്.സുധീരൻ അപരൻ വേഷത്തിലെ മങ്ങാത്ത മുഖമാണ്. സുധീരനെ തോൽപ്പിച്ചപ്പോൾ ആ മുഖത്ത് നോക്കി കോൺഗ്രസുകാരനായ അച്ഛൻ ശ്രീധരൻ ചോദിച്ചു. നിനക്കിതിൻെറ വല്ല ആവശ്യവുമുണ്ടായിരുന്നോ. ആ ചോദ്യത്തിന് മുന്നിൽ അപരന് ഉത്തരമുണ്ടായിരുന്നു. പാർട്ടിക്കുവേണ്ടിയുള്ള തൻെറ വേഷം ശരിയായിരുന്നെന്ന്.