ambalapuzha-news

# പൈപ്പ് പൊട്ടി പാടത്തേക്ക് വെള്ളമൊഴുകുന്നു

അമ്പലപ്പുഴ: തകഴി കേളമംഗലം ഭാഗത്ത് ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പ് പൊട്ടി വെള്ളം പാടത്തേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ഒന്നര മാസത്തോളമായിട്ടും നടപടിയില്ല. കൊയ്ത്തിന് സമയമായതോടെ അടിയന്തിര നടപടി ആവശ്യപ്പെട്ട് കർഷകരും രംഗത്തെത്തിയിട്ടുണ്ട്.

തകഴി കൃഷിഭവൻ പരിധിയിൽ വരുന്ന കുണ്ടത്തി വരമ്പിനകം തെക്കും വടക്കും പാടമാണ് പൈപ്പ് പൊട്ടലിനെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. പാടശേര സമിതി കളക്ടർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. കരുമാടി ജല ശുദ്ധീകരണ ശാലയിലേക്കു വെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിക്കിടക്കുന്നത്. ഇതോടെ ആലപ്പുഴ നഗരത്തിലെ ശുദ്ധജല വിതരണവും താറുമാറായി. തകഴി പാലത്തിന് കിഴക്ക് കേളമംഗലത്ത് നേരത്തെ ഉണ്ടായിരുന്ന നേരിയ ചോർച്ചയാണ് പ്രതിസന്ധിയായി മാറിയിരിക്കുന്നത്.

പദ്ധതി തുടങ്ങി രണ്ടു വർഷമാകുന്നതിന് മുമ്പ് മുപ്പതോളം തവണയാണ് വിവിധ ഭാഗങ്ങളിലായി പൈപ്പ് പൊട്ടിയത്. ഒരു മീറ്റർ വ്യാസമുണ്ട് പൈപ്പിന്. മാർച്ച് ആദ്യ ആഴ്ച കൊയ്യാനുള്ള പാടശേഖരത്തിലേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. ഇനി വറ്റിച്ച് ഉണക്കിയാൽ മാത്രമേ കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയുകയുള്ളു. തുടർച്ചയായി വെള്ളം ഒഴുകിയെത്തുന്നതിനാൽ പാടശേഖരം ഉണക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.

# 'നിർഗുണം' നിറഞ്ഞ ഒന്നേകാൽ കിലോമീറ്റർ

കടപ്ര മുതൽ കരുമാടി ശുദ്ധീകരണ പ്ലാന്റ് വരെ 19 കിലോമീറ്റർ ദൈർഘ്യത്തിലാണ് ശുദ്ധജല പൈപ്പുള്ളത്. തകഴിയിൽ ഒന്നേകാൽ കിലോമീറ്റർ ഭാഗത്ത് സ്ഥാപിച്ച പൈപ്പ് ഗുണമേന്മ കുറഞ്ഞതാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. മെച്ചപ്പെട്ട പൈപ്പ് സ്ഥാപിച്ചില്ലെങ്കിൽ റോഡ് തടയൽ ഉൾപ്പെടെയുള്ള സമരങ്ങൾ ആരംഭിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. റോഡ് വെട്ടിപ്പൊളിച്ചാൽ മാത്രമേ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയൂ. ഇതിന് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം ആവശ്യമാണ്. പൊതുമരാമത്ത് വകുപ്പ് റോഡ് പൊളിക്കാൻ അനുവദിക്കണമെങ്കിൽ മുൻകൂർ പണം നൽകണം. ഈ അനുമതിക്കായി കാത്തിരിക്കുയാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു.