ഹരിപ്പാട്: കുമാരപുരം പഞ്ചായത്തിലെ അനന്തപുരം കുടിവെള്ള പമ്പ് ഹൗസിലെ ഓപ്പറേറ്ററെ ഭീഷണിപ്പെടുത്തി ജലവിതരണം നിർത്തിവയ്പിച്ച കേസിൽ നാലു പേർ അറസ്റ്റിലായി. പൊത്തപ്പള്ളി പീടികയിൽ വീട്ടിൽ ടോം പി.തോമസ് (24), ചെട്ടിശ്ശേരി വടക്കതിൽ നന്ദു പ്രകാശ് (33), എരിയ്ക്കാവ് തുണ്ടുപറമ്പിൽ വീട്ടിൽ ഷിജിൻ ഫിലിപ്പോസ് (23), കൊല്ലം വട്ടമാറ മനുജവിലാസത്തിൽ ഹരികൃഷ്ണൻ (21) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 22ന് രാത്രി 11 മണിയോടെ ബൈക്കിലെത്തിയ നാലംഗ സംഘം വാട്ടർ അതോറിട്ടി ജീവനക്കാരൻ ഷിനോദിനെ ഭീഷണിപ്പെടുത്തുകയും വെള്ളം പമ്പ് ചെയ്യുന്നത് തടസ്സപ്പെടുത്തുകയും വാട്ടർടാങ്ക് തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ടോം പി.ജോസഫ് മാന്നാർ, ഹരിപ്പാട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. നന്ദു പ്രകാശ് തൃക്കുന്നപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ അടിപിടി കേസുകളിലും, ഷിജിൻ ഫിലിപ്പോസ് തൃക്കുന്നപ്പുഴ സ്റ്റേഷനിലും ഹരികൃഷ്ണൻ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.