ചേർത്തല: സ്ത്രീയെ അപമാനിച്ചെന്ന കേസിലെ പ്രതി പാർട്ടി ഓഫീസിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്നെത്തിയ പൊലീസ് സംഘം രാത്രിയിൽ സി.പി.ഐ ചേർത്തല മണ്ഡലം കമ്മിറ്റി ഓഫീസ് വളഞ്ഞു. നേതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് ഒടുവിൽ പൊലീസ് പിൻമാറി.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പട്ടണക്കാട് പൊലീസ് സംഘം സി.പി.ഐ ഓഫീസിലെത്തിയത്.
അന്ധകാരനഴി സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയിൽ പട്ടണക്കാട് പൊലീസ് പ്രതിചേർത്തിരുന്ന കറുവ ഷൈജു എന്ന ഇഗ്‌നേഷ്യസിനെ (37) അന്വേഷിച്ചാണ് പൊലീസെത്തിയത്. സി.പി.ഐ അനുഭാവിയായ ഇയാളെ പാർട്ടി ഇടപെട്ട് ഓഫീസിൽ പാർപ്പിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പട്ടണക്കാട് എസ്.ഐയുടെ നേതൃത്വത്തിൽ ഒമ്പതു പൊലീസ് ഉദ്യോഗസ്ഥരാണ് സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തുള്ള മണ്ഡലം കമ്മിറ്റി ഓഫീസിലെത്തിയത്. വിവരമറിഞ്ഞ് ഏതാനും നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. പ്രതി ഓഫീസിലുണ്ടെന്ന ഉറച്ച നിലപാടെടുത്ത പൊലീസ് പരിശോധന നടത്തുമെന്നറിയിച്ചു. പ്രതികളാരും ഓഫീസിൽ ഇല്ലെന്ന് നേതാക്കളും പറഞ്ഞു. തർക്കം രൂക്ഷമായതോടെ ഉന്നത ഇടപെടലുകളെത്തുടർന്ന് രാത്രി 12.30 ഓടെ പൊലീസ് പിന്മാറി. പാർട്ടി നേതാക്കൾ പുലരും വരെ ഓഫീസ് പരിസരത്ത് തുടർന്നു. പൊലീസ് അന്വേഷിക്കുന്നയാൾ സി.പി.ഐക്കാരനാണെങ്കിലും പാർട്ടി ഓഫീസിൽ സംരക്ഷണം നൽകിയിട്ടില്ലെന്നും പട്ടണക്കാട് പൊലീസ് വൈരാഗ്യത്തോടെയുള്ള സമീപനമാണ് നടത്തുന്നതെന്നും മണ്ഡലം സെക്രട്ടറി എം.സി.സിദ്ധാർത്ഥൻ പറഞ്ഞു.