ആലപ്പുഴ: സുഹൃത്തുക്കളോടൊപ്പം ഭൂതത്താൻകെട്ട് അണക്കെട്ട് കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ തുമ്പോളി വെളുത്താപറമ്പിൽ ജോസഫ്-കുഞ്ഞുമോൾ ദമ്പതികളുടെ മകൻ
സെബാസ്റ്റ്യൻ ജോസഫ് (ബിനുക്കുട്ടൻ-27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് ആയിരുന്നു സംഭവം.
മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് സെബാസ്റ്റ്യൻ ഭൂതത്താൻകെട്ടിലെത്തിയത്. കുളിക്കാൻ ഇറങ്ങവേ മണൽതിട്ടയിൽ നിന്ന് വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് തുമ്പോളി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും. ഡ്രൈവറാണ് സെബാസ്റ്റ്യൻ. സഹോദരങ്ങൾ: അമൽ, റോസ്‌മേരി.