മാവേലിക്കര: കാർഷിക മേഖലയ്ക്ക് മുൻഗണന നൽകുന്ന, 26.89 കോടിയുടെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റിന് അംഗീകാരം.
ബ്ലോക്ക് പഞ്ചായത്ത് അങ്കണം, ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ ശലഭോദ്യാനം സ്ഥാപിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 17.94 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കും. ചെന്നിത്തല, തൃപ്പെരുന്തുറ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സൂയാസ് പറക്കുഴി സംരക്ഷണ ഭിത്തി, ബണ്ട് നിർമ്മാണങ്ങൾക്കും 45 ലക്ഷം, കക്കാട് നീർത്തടം, പാടശേഖരം പമ്പ് ഹൗസിന് 7 ലക്ഷം, മാന്നാർ-പള്ളിപ്പാട് പാടശേഖര വികസനത്തിന് 20 ലക്ഷം, ചെന്നിത്തല തൃപ്പെരുന്തുറ കടവൂർ കക്കാട് പാടശേഖരങ്ങളിലെ കാർഷിക പ്രവൃത്തികൾക്ക് 46.09 ലക്ഷം, കിണർ നിർമ്മാണത്തിന് 11.87 ലക്ഷം, നിർമൽ പുരസ്കാര ഫണ്ടുപയോഗിച്ച് ശൗചാലയ നിർമ്മാണത്തിന് 2.5 ലക്ഷം, നീർത്തട പരിപാലനത്തിന് 1.48 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. വൈസ് പ്രസിഡന്റ് ശശികല രഘുനാഥ് ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് കെ.രഘുപ്രസാദ് അദ്ധ്യക്ഷനായി.