തുറവൂർ: നിർദ്ദിഷ്ട തുറവൂർ -പമ്പ പാതയിലെ തൈക്കാട്ടുശേരി -തുറവൂർ റോഡിൽ വാഹനങ്ങൾ ഇടിച്ച് വൈദ്യുതി തൂണുകൾ തകരുന്നത് പതിവായി.
തിരക്കേറിയ റോഡിന് മതിയായ വീതിയില്ലാത്തതാണ് പ്രശ്നമാകുന്നത്. ഇന്നലെ പുലർച്ചെ മൂന്നോടെ റോഡരികിലെ പുരന്ദരേശ്വരം മഹാദേവ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിക്ക് സമീപം രണ്ട് വൈദ്യുതി തൂണുകളാണ് അജ്ഞാത വാഹനമിടിച്ച് തകർന്നത്. ഇതോടെ വളമംഗലം മേഖലയിൽ ഏറെ നേരം വൈദ്യുതി നിലച്ചു. കുത്തിയതോട് കെ.എസ്.ഇ.ബി അധികൃതരെത്തി വൈകിട്ട് ആറോടെ പുതിയ പോസ്റ്റുകൾ സ്ഥാപിച്ച ശേഷമാണ് വൈദ്യുതി പുന:സ്ഥാപിച്ചത്. കഴിഞ്ഞ 23നും അജ്ഞാത വാഹനമിടിച്ച് പോസ്റ്റ് തകർന്നിരുന്നു. 75,000 രൂപയുടെ നാശനഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായത്. കുത്തിയതോട് പൊലീസിൽ പരാതി നൽകിയതായി അസി.എൻജിനീയർ പറഞ്ഞു.