പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് വക കളിസ്ഥലത്ത് മലിന്യ സംസ്കരണ ശാല നിർമ്മിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.
പത്താം വാർഡിലുള്ള കളിസ്ഥലത്ത് മാലിന്യ സംസ്കരണ ശാലയ്ക്ക് അനുമതി നൽകിയത് പഞ്ചായത്ത് ഭരണസമിതിയാണ്. ഇതിനെതിരെ പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. യുവജന ക്ളബ്ബുകളും പ്രദേശവാസികളും കളിസ്ഥലം ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ഭരണസമിതിയിൽ പരാതി നൽകി. ഇതെല്ലാം അവഗണിച്ചാണ് മാലിന്യ സംസ്കരണ ശാലയുമായി പഞ്ചായത്ത് മുന്നോട്ടു പോയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ നടന്ന പ്രതിഷേധ സമരം ഗ്രാമ പഞ്ചായത്തംഗം എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. എൻ.എം. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. വി.എ.നാസിമുദ്ദീൻ, യു.ബി. ബഷീർ, വാസു മുക്കുവശേരി, ഷാജഹാൻ പട്ടാണിവെളി, ബാബു, റംല ഷറഫ്, നിസാർ പുത്തൻപുര, ഷാജി കരീച്ചിറ, കെ.ജെ.അഷ്റഫ്, അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു.