mancomb

ആലപ്പുഴ: കുട്ടനാട്ടിലെ കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ ഗൗരവമായി പഠിച്ച് നല്ല കൃഷി മുറ പരിപാലന രീതി നടപ്പാക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. സർക്കാർ കുട്ടനാട്ടിൽ നടപ്പിലാക്കാനദ്ദേശിക്കുന്ന നല്ല കൃഷി മുറ പദ്ധതിക്ക് മന്നോടിയായി മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ദ്വിദിന ശില്പശാല 'പരിസ്ഥിതിസൗഹൃദ കുട്ടനാട്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കുട്ടനാട്ടിൽ കാർഷിക കലണ്ടർ നിർബന്ധമായി നടപ്പാക്കും. കുട്ടനാട്ടിൽ പുഞ്ച കൃഷി വഴി 125 കോടി രൂപയുടെ അധിക നെല്ല് ഇത്തവണ ഉത്പാദിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. കർഷകർക്ക് ഇതിൽ അഭിമാനിക്കാം. പ്രളയത്തിനശേഷം ഹെക്ടറിന് 125 കിലോ വിത്ത് സൗജന്യമായാണ് വിതരണം ചെയ്തത്. രാസവളത്തിന്റെ ഉപയോഗം കുട്ടനാട്ടിൽ ഘട്ടംഘട്ടമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആയിരം കോടി രൂപയുടെ കുട്ടനാട് രണ്ടാം പാക്കേജ് കൊണ്ടുവരുമ്പോൾ കൃഷിക്കാരുമായി ചർച്ച നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി.

നെല്ലിന് ഏറ്റവും കൂടുതൽ താങ്ങുവില കൃഷിക്കാർക്ക് നൽകുന്ന സംസ്ഥാനമാണ് കേരളം. നെല്ലിന്റെ താങ്ങുവില ഒരു രൂപ കൂടി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ കിലോയ്ക്ക് 26 രൂപ 30 പൈസയാകും. പുനർജനി പദ്ധതി വഴിയുള്ള പച്ചക്കറികളുടെ തൈ വിതരണവും മന്ത്രി നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രൻ നല്ലമുറ കൃഷിരീതിയുടെ തുടക്കം കുറിച്ചു. കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ അഡ്വ.ജോയിക്കുട്ടി ജോസ്, കൃഷി ഡയറക്ടർ പി.കെ ജയശ്രീ, കാർഷികോത്പാദന കമ്മിഷണർ ദേവേന്ദ്രകുമാർസിംഗ് , പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീനാ നടേശ്, മുൻ എം.എൽ.എമാരായ കെ.സി ജോസഫ്, സി.കെ സദാശിവൻ,കേരള കാർഷിക സർവകലാശാല ഡയറക്ടർ ഒഫ് റിസർച്ച് ഡോ.ഇന്ദിരാദേവി, കെ.എൽ.ഡി.സി ചെയർമാൻ ടി.പുരുഷോത്തമൻ, എം.എം.സുനിൽകുമാർ, പി.ജി.ചന്ദ്രമതി, ബിജു പാലത്തിങ്കൽ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. അഞ്ചലോസ് തുടങ്ങിയവർ പങ്കെടുത്തു.