ചാരുംമൂട് : ആദ്യ സെമസ്റ്റർ പരീക്ഷയിൽ തോറ്റതിൽ മനം നൊന്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ഇടക്കുന്നം ആഞ്ഞിലിമൂട്ടിൽ ഇടവഴി തലയ്ക്കൽ വിജയന്റെ മകൾ അനുവാണ് (19) വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
പന്തളം ഒ.കെ.ഇ.വൈ.എസ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി ആയിരുന്നു. ആദ്യ സെമസ്റ്റർ പരീക്ഷയുടെ റിസൽട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. പരീക്ഷയിൽ തോറ്റതറിഞ്ഞതോടെ മാനസികസംഘർഷത്തിലായിരുന്നു.
പരീക്ഷയിൽ തോറ്റതിന് അച്ഛൻ വഴക്ക് പറഞ്ഞാൽ സഹിക്കാനാവില്ലെന്നും, താൻ മരിക്കാൻ തീരുമാനിച്ചെന്നും സുഹൃത്തിന് മെസേജ് അയച്ചതിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി അനു മുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. വീടിന് സമീപം ആഞ്ഞിലിമൂട് ജംഗ്ഷനിൽ കട നടത്തുകയാണ് പിതാവ് വിജയൻ. അമ്മ പ്രസന്നയും ഇവിടെയായിരുന്നു. മെസേജ് കണ്ട് സുഹൃത്ത് ഫോണിൽ വിവരം അറിയിച്ചതിനെ തുടർന്ന് മാതാവ് ഓടി വീട്ടിലെത്തിയപ്പോഴേക്കും അനു മരിച്ചിരുന്നു.
വിദ്യാർത്ഥിനിയായ ആരതിയാണ് സഹോദരി.നൂറനാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ.