ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചില്ലെന്നും ഇതേക്കുറിച്ച് ചെറുപ്പക്കാരുമായി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്നും
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
ഡൽഹിയിൽ സർവകലാശാല വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന സാമ്പത്തികമായി വളരുന്നത് എല്ലാവർക്കും കാണാം. എവിടെ നോക്കിയാലും മെയ്ഡ് ഇൻ ചൈനാ ഉത്പന്നങ്ങളാണ്. പക്ഷേ ചൈനയെ മറികടക്കാൻ ഇന്ത്യയ്‌ക്ക് കഴിയും. 120 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ ഒരു ദിവസം 450 തൊഴിലുകൾ മാത്രമാണ് സൃഷ്‌ടിക്കപ്പെടുന്നത്. ചൈനയിൽ 50,000 ജോലികളുണ്ടാകുന്നു. ധനമന്ത്രി ലോക്‌സഭയിൽ പറഞ്ഞ കണക്കുകളാണിത്. ഇതൊന്നും ഒരു പ്രശ്നമാണെന്ന് നമ്മുടെ പ്രധാനമന്ത്രി കരുതുന്നില്ല. പ്രശ്‌നമുണ്ടെന്ന് ആദ്യം അംഗീകരിക്കണം. എങ്കിലേ അതു പരിഹരിക്കാനാകൂ.
റാഫേൽ, അഴിമതി, തൊഴിൽ വിഷയങ്ങളിൽ നേരിട്ടുള്ള സംവാദത്തിന് താൻ വെല്ലുവിളിച്ചിട്ടും പ്രധാനമന്ത്രി തയ്യാറായില്ലെന്ന് രാഹുൽ പറഞ്ഞു. അദ്ദേഹം സ്വന്തം അഭിപ്രായം മറ്റുള്ളവരെ കേൾപ്പിക്കുന്നതിന് പകരം ചെറുപ്പക്കാർക്ക് പറയാനുള്ളത് കൂടി ശ്രദ്ധിക്കണം. തൊഴിൽ പ്രശ്‌നങ്ങളിൽ നിങ്ങളുടെ അഭിപ്രായം തേടിയാവണം പരിഹാരം കാണേണ്ടത്. അതിന് പ്രധാനമന്ത്രി തയ്യാറാകുന്നില്ല.
ബഡ്‌ജറ്റിൽ വിദ്യാഭ്യാസ മേഖലയ്‌ക്കുള്ള വിഹിതം കൂട്ടണമെന്നും ഒരു ചോദ്യത്തിന് രാഹുൽ മറുപടി പറഞ്ഞു. സ്വകാര്യവത്‌കരം വഴി വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുമെന്ന് കോൺഗ്രസ് കരുതുന്നില്ല. ഡൽഹി പി.സി.സി അദ്ധ്യക്ഷ ഷീലാ ദീക്ഷിതും ചടങ്ങിൽ പങ്കെടുത്തു. പുൽവാമയിൽ മരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് സംവാദം തുടങ്ങിയത്.