ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തെ അവസാന പാർലമെന്റ് സമ്മേളനം കൊടിയിറങ്ങാൻ ഒരു ദിവസം ശേഷിക്കെ ഇന്നലെ കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് മണ്ഡലങ്ങളിലെ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ച ദിവസമായിരുന്നു. കേന്ദ്രമന്ത്രി പദവും രാജ്യസഭാംഗത്വവും ലഭിച്ച ശേഷം അൽഫോൺസ് കണ്ണന്താനം ലോക്‌സഭയിൽ കന്നി പ്രസംഗം നടത്തി. എം.പിമാരായ കെ.സി. വേണുഗോപാലും പി.കെ. ശ്രീമതിയും ശൂന്യവേളയിൽ വിഷയങ്ങൾ അവതരിപ്പിച്ചത് മലയാളത്തിലാണ്. ജാലിയൻവാലാബാഗ് സ്‌മാരകത്തെക്കുറിച്ചുള്ള വിഷയം പരാമർശിച്ച എം.ബി. രാജേഷ് പ്രസംഗം തുടങ്ങിയത് ഹിന്ദിയിലും. എൻ.കെ. പ്രേമചന്ദ്രൻ, പ്രൊഫ. കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, പി.കെ. ബിജു, ആന്റോ ആന്റണി തുടങ്ങിയവർക്കും ഇന്നലെ അവസരം ലഭിച്ചു.
ആലപ്പാട്ടെ ഖനനം നിറുത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടാണ് കെ.സി. വേണുഗോപാൽ സംസാരിച്ചത്. കായലിനും കടലിനുമിടയിൽ കിടക്കുന്ന പ്രദേശം നാൾക്കുനാൾ ഇല്ലാതാകുന്നതായും എം.പി ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാർക്ക് ദിവ്യാംഗർ എന്ന പേരു നൽകിയതല്ലാതെ പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കിയില്ലെന്ന് ശ്രീമതി പ്രസംഗത്തിൽ പറഞ്ഞു. പഞ്ചാബിൽ ജനിച്ച തനിക്ക് അവിടുത്തെ ഒരു വിഷയം ചൂണ്ടിക്കാട്ടാനുണ്ടെന്ന് സൂചിപ്പിച്ചാണ് എംബി. രാജേഷ് ഹിന്ദിയിൽ തുടങ്ങിയത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ സ്‌മാരകത്തിന് മതിയായ ഫണ്ട് ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പണമില്ലാത്തതിനാൽ സ്‌മാരകത്തിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നിറുത്തിവച്ചകാര്യം നേരിട്ട് ബോദ്ധ്യമായെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതിയിൽ നിന്ന് മതംമാറിയ ദളിത് ക്രൈസ്‌തവർക്ക് സംവരണം നൽകണമെന്ന ആവശ്യമാണ് കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ചത്. മതം മാറിയ മറ്റ് ദളിത് വിഭാഗക്കാർക്ക് സംവരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ച എൻ.കെ. പ്രേമചന്ദ്രൻ 16-ാം ലോക്‌സഭയിൽ നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ അവസരം നൽകിയതിന് സ്‌പീക്കർക്കും ഡെപ്യൂട്ടി സ്‌പീക്കർക്കും തിരഞ്ഞെടുത്ത കൊല്ലം ജില്ലയിലെ വോട്ടർമാർക്കും നന്ദി പറഞ്ഞുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഒാർഡിനൻസ് ഇറക്കണമെന്ന ആവശ്യം ആന്റോ ആന്റണി ഉന്നയിച്ചു. ഒാഖി ദുരന്തത്തിലും പ്രളയത്തിലും വാഗ്ദാനം ചെയ്‌ത സഹായങ്ങൾ നൽകാത്തതിന് കേന്ദ്രസർക്കാരിനുള്ള വിമർശനമായിരുന്നു കെ.വി. തോമസിന്റേത്. ബി.ജെ.പി വീണ്ടും അധികാരത്തിൽ വരാത്ത വിധം ജനം തിരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ നയങ്ങളെ പ്രകീർത്തിച്ചും തന്റെ കാലയളവിൽ ടൂറിസം മേഖലയിൽ ഉണ്ടായ നേട്ടങ്ങളെ ഉയർത്തിക്കാട്ടിയുമായിരുന്നു അൽഫോൺസ് കണ്ണന്താനത്തിന്റെ ലോക്‌സഭയിലെ കന്നിപ്രസംഗം. കേരളത്തിൽ നിന്നുള്ള പ്രതിപക്ഷാംഗങ്ങൾ ബഹളമുണ്ടാക്കി പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചതും കണ്ടു. സ്‌പീക്കറോട് കണ്ണന്താനം ഇടയ്‌ക്കിടെ പരാതി പറയുന്നുണ്ടായിരുന്നു. പ്രസംഗ ശേഷം ബി.ജെ.പി അംഗങ്ങൾ കണ്ണന്താനത്തിന് ഹസ്‌തദാനം നൽകി അഭിനന്ദിച്ചു.