കർഷകർക്ക് 6000 രൂപ ബാങ്കിൽ
അസംഘടിത തൊഴിലാളിക്ക് 3000 രൂപ പെൻഷൻ
ന്യൂഡൽഹി:പടിവാതിലിലെത്തിയ പൊതുതിരഞ്ഞെടുപ്പ് മുൻനിറുത്തി ഇടത്തരക്കാർക്കും കർഷകർക്കും അതിമധുരം വിളമ്പി നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് ജനപ്രിയമായി. അഞ്ചു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി. ഇത് അടുത്ത സാമ്പത്തിക വർഷം നടപ്പാകും. നിലവിൽ പരിധി 2.5 ലക്ഷമായിരുന്നു.
രണ്ട് ഹെക്‌ടറിൽ താഴെ ഭൂമിയുള്ള കർഷകരുടെ അക്കൗണ്ടിൽ വർഷം 6000 രൂപ വീതം നിക്ഷേപിക്കും. 75,000 കോടി രൂപയാണ് ഇതിന് വകയിരുത്തിയത്. അസംഘടിത മേഖലയിൽ 15,000 രൂപയ്ക്ക‌് താഴെ വരുമാനമുള്ളവർക്ക് 60 വയസിനു ശേഷം 3000 രൂപ പെൻഷൻ നൽകും. ഇതിന് പ്രധാനമന്ത്രി ശ്രംയോഗി മൻധൻ പെൻഷൻ പദ്ധതിയിൽ പ്രതിമാസം 100 രൂപ വീതം അടച്ച് തൊഴിലാളികൾ അംഗമാകണം. 29 വയസുള്ളവരാണ് 100 രൂപ അടയ്ക്കേണ്ടത്. 18 വയസുള്ളവർ 55 രൂപ അടച്ചാൽ മതി. തുല്യമായ തുക സർക്കാരിടും.
ലോക്‌സഭയിൽ ധനമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബഡ്‌ജറ്റ് പത്തുവർഷം നടപ്പാക്കേണ്ട പദ്ധതികളും ലക്ഷ്യങ്ങളും പ്രഖ്യാപിക്കുന്നതാണ്. ഒന്നരമണിക്കൂർ നീണ്ട പ്രസംഗത്തിന്റെ ഭൂരിഭാഗവും നാലരവർഷത്തെ സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാനാണ് ചെലവഴിച്ചത്. 2030നുള്ളിൽ നടപ്പാക്കാനുള്ള പത്ത് ലക്ഷ്യങ്ങളും മന്ത്രി പ്രഖ്യാപിച്ചു
പ്രധാന പ്രഖ്യാപനങ്ങൾ:
ചരിത്രത്തിലാദ്യമായി പ്രതിരോധ ബഡ്‌ജറ്റ് മൂന്നു ലക്ഷം കോടി കവിഞ്ഞു
തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി
ഫിഷറീസ് മേഖലയ്‌ക്ക് പ്രത്യേക വകുപ്പ്
കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പയ്‌ക്ക് മൂന്നു ശതമാനം പലിശ ഇളവ്
പശുക്കളുടെ ജനിതകശേഷി വർദ്ധിപ്പിക്കുന്ന ദേശീയ കാമധേനു ആയോഗ് പദ്ധതിക്ക് 750 കോടി
പ്രകൃതി ക്ഷോഭങ്ങൾ ബാധിച്ച കർഷകർക്ക് ദേശീയ ദുരിത നിവാരണ ഫണ്ടിൽ നിന്നുള്ള വായ്പയ്‌ക്ക് 2 ശതമാനം പലിശ ഇളവ്
നാടോടി സമൂഹത്തിന് ക്ഷേമനിധി ബോർഡ്
അടിസ്ഥാന വികസനം
ഗ്രാമീണ റോഡ് വികസന പദ്ധതിക്ക് 19,000 കോടി
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി വെബ് പോർട്ടൽ
റെയിൽവേ വിഹിതം 64,587 കോടി
5 വർഷത്തിനുള്ളിൽ ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റൽ വില്ലേജുകളാക്കും
2030-നകം എല്ലാ നദികളും ശുദ്ധീകരിക്കും
സിനിമാ ഷൂട്ടിംഗ് എളുപ്പമാക്കാൻ ഏകജാലക സംവിധാനം
സിനിമകളുടെ വ്യാജപതിപ്പുകൾ തടയാൻ നിയമ ഭേദഗതി
34 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി
മറ്റ് നികുതി ഇളവുകൾ:
ശമ്പളക്കാരുടെ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ പരിധി 40,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി
ഒന്നിലേറെ വീടുള്ളവർ രണ്ടാമത്തെ വീടിന് നൽകേണ്ട വാടക നികുതി ഒഴിവാക്കി
ബാങ്ക്, തപാൽ നിക്ഷേപങ്ങളുടെ പലിശയ്‌ക്ക് നികുതി ഈടാക്കാനുള്ള നിക്ഷേപ പരിധി 10,000 രൂപയിൽ നിന്ന് 40,000 രൂപയാക്കി.
ചെറുകിട പാർപ്പിട പദ്ധതികൾക്കുള്ള ആദായ നികുതി ഇളവ് കാലാവധി 2020 മാർച്ച് 31വരെ
റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വിൽക്കാത്ത വീടുകൾക്ക് രണ്ടു വർഷം വരെ നികുതി വേണ്ട
ധനക്കമ്മി കുറയ്ക്കാനാകില്ല
ചെലവ് കൂടിയതിനാൽ ധനക്കമ്മി കുറയ്ക്കാനാകില്ലെന്ന്
മന്ത്രി പറഞ്ഞു.
ബഡ്‌ജറ്റ് ചെലവ്
27,84,200 കോടി (13.30 ശതമാനം വർദ്ധന).
ധനക്കമ്മി 3.1 ശതമാനം.
പണപ്പെരുപ്പ നിരക്ക്
2.19 ശതമാനം