budget-

ന്യൂഡൽഹി: ചെറുകിട കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ കേന്ദ്ര ബഡ്‌ജറ്റിൽ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം കിസാൻ) എന്ന പേരിൽ പുതിയ പദ്ധതി. ഇതനുസരിച്ച് രണ്ടു ഹെക്ടർ വരെ ഭൂമിയുള്ള കർഷകർക്ക് കേന്ദ്രസർക്കാർ പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടു നൽകും. 2000 രൂപ വീതം മൂന്നു തവണയായാണ് തുക നൽകുക. 12 കോടി ചെറുകിട കർഷക കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

2018 ഡിസംബർ ഒന്നു മുതൽ പ്രാബല്യമുള്ള പദ്ധതിയിൽ മാർച്ച് 31 വരെയുള്ള ആദ്യ ഗഡു ഈ വർഷം തന്നെ നൽകും. ഇതിനായി 20,000 കോടി മാറ്റിവച്ചു. വിളവെടുപ്പ് സീസണു മുമ്പുണ്ടാകുന്ന അടിയന്തരാവശ്യങ്ങൾക്ക് കൈത്താങ്ങാവുക കൂടി ലക്ഷ്യമിടുന്ന പദ്ധതിയുടെ വാർഷിക ചെലവ് 75,000 കോടിയാണ്. മൃഗസംരക്ഷണം, ഫിഷറീസ് മേഖലയിൽ ഉൾപ്പെടെ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകൾക്ക് രണ്ടു ശതമാനം പലിശയിളവും പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ കൃത്യമായി അടച്ചാൽ മൂന്നു ശതമാനം പലിശയിളവും ലഭിക്കും.

അസംഘടിതർക്ക്പെൻഷൻ

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസ പെൻഷൻ ഉറപ്പാക്കാൻ പ്രധാൻമന്ത്രി ശ്രം യോഗി മൻധൻ പദ്ധതിയനുസരിച്ച്, അംഗമാകുന്ന തൊഴിലാളിക്ക് 60 വയസ് കഴിഞ്ഞാൽ മാസം 3000 രൂപ വീതം പെൻഷൻ ലഭിക്കും.

29 വയസു മുതൽ പദ്ധതിയിൽ ചേരുന്ന അസംഘടിത തൊഴിലാളി 60 വയസു വരെ മാസം പ്രതിമാസം 100 രൂപ പ്രീമിയം അടയ്ക്കണം. 18 വയസിൽ ചേരുന്നവർക്ക് പ്രീമിയം 55 രൂപ. എല്ലാ മാസവും കേന്ദ്രസർക്കാരും തുല്യ പ്രീമിയം അടയ്ക്കും. തെരുവു കച്ചവടക്കാർ, റിക്ഷ വലിക്കുന്നവർ, ബീഡി തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടെ 10 കോടി അസംഘടിത തൊഴിലാളികൾക്ക് പദ്ധതി ഗുണം ചെയ്യും. 500 കോടിയാണ് പദ്ധതിക്കായി മാറ്റിവച്ചത്.

പശു സംരക്ഷണത്തിന്കമ്മിഷൻ

പശു ക്ഷേമത്തിനായി ദേശീയതലത്തിൽ രാഷ്ട്രീയ കാമധേനു ആയോഗ് സ്ഥാപിക്കും. പശു സംരക്ഷണത്തിനും പശുക്കളുടെ ജനിതകശേഷി വർദ്ധിപ്പിക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംരംഭം. പശു സംരക്ഷണത്തിനായുള്ള നിയമങ്ങളുടെയും വിവിധ പദ്ധതികളുടെയും കാര്യക്ഷമമായ നടത്തിപ്പ് ആയോഗ് ഉറപ്പാക്കും. രാഷ്ട്രീയ ഗോകുൽ മിഷന് ഈവർഷം 750 കോടി അധികമായി അനുവദിച്ചു.