ന്യൂഡൽഹി:ഭരണത്തുടർച്ച ലക്ഷ്യമിട്ട് 2030വരെയുള്ള പത്ത് വർഷത്തേക്ക് പത്തിന പരിപാടികൾ ഇടക്കാല ബഡ്ജറ്റിൽ ധനമന്ത്രി പീയുഷ് ഗോയൽ അവതരിപ്പിച്ചു. അഞ്ചു വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം കോടി ഡോളറിന്റെയും എട്ടുവർഷം കൊണ്ട് പത്തുലക്ഷം കോടി ഡോളറിന്റെയും സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റും.
പത്തിന ദർശന രേഖ
1. പത്തുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയ്ക്കായി ആധുനിക അടിസ്ഥാനസൗകര്യങ്ങളും ജീവിത സൗകര്യങ്ങളും ഒരുക്കും.
സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ പ്രക്രിയകളും ഡിജിറ്റൈസ് ചെയ്യും.
അടുത്ത തലമുറ റോഡ്, വിമാന, റെയിൽ ഗതാഗത സൗകര്യങ്ങൾ, ഉൾനാടൻ ജലഗതാഗതം. സാമൂഹ്യമേഖലയിൽ വീടും ആരോഗ്യവും ശുചിത്വവും. ശാസ്ത്രാധിഷ്ഠിത വിദ്യാഭ്യാസം.
2 രാജ്യത്തിന്റെ മുക്കിലും മൂലയിലും ഡിജിറ്റൽ ഇന്ത്യ എത്തിക്കും. യുവാക്കൾ നയിക്കുന്ന ഡിജിറ്റൽ ഇന്ത്യയിലൂടെ നിരവധി സ്റ്റാർട്ടപ്പുകളും ലക്ഷക്കണക്കിന് തൊഴിലും സൃഷ്ടിക്കും.
3. ലക്ഷ്യം ക്ലീൻ ഇന്ത്യ, ഗ്രീൻ ഇന്ത്യ. ഇലക്ട്രിക്കൽ വാഹനങ്ങൾക്കും പുനഃരുപയുക്ത ഊർജ്ജത്തിനും പ്രാധാന്യം നൽകിയുള്ള ഗതാഗതവിപ്ലവത്തിലൂടെ ഇന്ത്യ ലോകത്തെ നയിക്കും.
4.മേക്ക് ഇൻ ഇന്ത്യ താഴെതട്ടിലും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാമീണ വ്യവസായവത്കരണം.രാജ്യത്താകെ സൂക്ഷ്‌മ,ചെറുകിട, ഇടത്തരം സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും നടപ്പാക്കും. ഓട്ടോമൊബൈൽ, പ്രതിരോധം, ഇലക്ട്രോണിക്, മെഡിക്കൽ ഉപകരണം തുടങ്ങിയ മേഖലകളിലൂടെ ഇന്ത്യ ആഗോള മാനുഫാക്ടറിംഗ് ഹബാകും.
5.നദികൾ മാലിന്യമുക്തമാക്കും. എല്ലാ പൗരന്മാർക്കും സുരക്ഷിത കുടിവെള്ളം. സൂക്ഷ്‌മ ജലസേചനത്തിലൂടെ ജലം കാര്യക്ഷമമായി ഉപയോഗിക്കും.
6. രാജ്യത്തിന്റെ വികസനത്തിന് സമുദ്രങ്ങളുടെയും തീരദേശങ്ങളുടെയും സാദ്ധ്യതകൾ ഉപയോഗിക്കും. ഉൾനാടൻ ജലഗതാഗതം ശക്തിപ്പെടുത്തും. തീരദേശ ജനതയുടെ ജീവിതം മെച്ചപ്പെടുത്തും.
7. 2022ൽ ഗഗൻയാനിലൂടെ ഇന്ത്യ ലോകത്തിന്റെ വിക്ഷേപണ കേന്ദ്രമാകും. ഇന്ത്യൻ സഞ്ചാരിയെ ബഹിരാകാശത്ത് എത്തിക്കും.
8. ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും. കാർഷിക മേഖലയെ ആധുനികവത്കരിക്കും. ഉത്പാദനം വർദ്ധിപ്പിക്കും. ജൈവരീതിയിലൂടെ വിഷമുക്ത ഭക്ഷ്യോൽപാദനം.ദാരിദ്ര്യവും പോഷകാഹരക്കുറവും നിരക്ഷരതയും പഴങ്കഥയാക്കും.
9. 2030ഓടെ ആരോഗ്യഇന്ത്യ സൃഷ്ടിക്കും. ജനങ്ങൾക്ക് സൗജന്യ ആരോഗ്യപരിരക്ഷ. സ്ത്രീസുരക്ഷ ഉറപ്പാക്കും. അവർക്ക് തുല്യപങ്കാളിത്തം.
10. ജീവനക്കാരുമായി ചേർന്ന് മിനിമം ഗവൺമെന്റ് മാക്സിമം ഗവേർണൻസ് ഉറപ്പാക്കും. ജനസൗഹൃദമായ ഉത്തരവാദിത്വമുള്ള ബ്യൂറോക്രസിയെ സൃഷ്ടിക്കും. ഇ - ഗവേണൻസ് ശക്തമാക്കും.