ന്യൂഡൽഹി: സി.ബി.ഐയ്ക്ക് ഉടൻ സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു. സി.ബി.ഐ ഡയറക്ടറുടേത് സുപ്രധാന പദവിയാണ്. അതിൽ ഇടക്കാല ഡയറക്ടറെ ദീർഘനാളിരുത്തുന്നത് ശരിയല്ല. ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഇടക്കാല ഡയറക്ടറായി എം.നാഗേശ്വരറാവുവിനെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി പരാമർശം. ഇന്നലെ പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി യോഗം ചേരുന്ന കാര്യം അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയിൽ അറിയിച്ചു. ഇടക്കാല ഡയറക്ടറെ നിയമിക്കാൻ ഉന്നതാധികാര സമിതിയുടെ അനുമതി തേടിയിരുന്നതായും അറ്റോർണി ജനറൽ വ്യക്തമാക്കി. ഡയറക്ടറെ തീരുമാനിക്കാൻ ജനുവരി 24ന് ചേർന്ന ഉന്നതാധികാര സമിതിയുടെ മിനുട്സ് മുദ്രവച്ച കവറിൽ കേന്ദ്രം കോടതിയിൽ നൽകി.
നാഗേശ്വരറാവുവിന്റെ നിയമനത്തിന് എതിരെ സന്നദ്ധ സംഘടനയായ കോമൺകോസ് നൽകിയ ഹർജിയാണ് പരിഗണിച്ചത്. ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ്മാരായ എ.കെ സിക്രി, എൻ.വി രമണ എന്നിവർ പിൻമാറിയതിനെ തുടർന്നാണ് ജസ്റ്റിസ് അരുൺമിശ്രയുടെ ബെഞ്ച് ഹർജി ഇന്നലെ ഹർജി പരിഗണിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 40ഓളം ഉദ്യോഗസ്ഥരെ ഇടക്കാല ഡയറക്ടർ ട്രാൻസ്‌ഫർ ചെയ്തതായി ഹർജിക്കാരനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. റാവുവും ഡയറക്ടർ സ്ഥാനത്തേക്ക് മടങ്ങിയെത്തിയ രണ്ടുദിവസം അലോക് വർമ്മയുമെടുത്ത തീരുമാനങ്ങളും ഫയൽനീക്കവും പുതുതായി നിയമിക്കപ്പെടുന്ന ഡയറക്ടറോട് പരിശോധിക്കാൻ നിർദ്ദേശിക്കാനും കോടതി കേന്ദ്രത്തോട് പറഞ്ഞു.
ഹർജി ഫെബ്രുവരി ആറിലേക്ക് മാറ്റി.