ന്യൂഡൽഹി: രാജ്യത്തെ ഒരുലക്ഷം ഗ്രാമങ്ങളെ അടുത്ത അഞ്ചുവർഷം കൊണ്ട് ഡിജിറ്റൽ ഗ്രാമങ്ങളാക്കുമെന്ന് പ്രഖ്യാപനം. ഇന്റർനെറ്റ് കണക്ടിവിറ്റിയും ഡിജിറ്റൽ സംവിധാനങ്ങളും വിവിധ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്ന കോമൺ സർവ്വീസ് സെന്ററുകളും ഈ ഗ്രാമങ്ങളിൽ ഉണ്ടാകുമെന്നും ഇടക്കാല ബഡ്ജറ്റിൽ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്. ഡാറ്റയുടെയും ഫോൺ കോളുകളുടെയും വില ഇപ്പോൾ ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യയിൽ. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് മൊബൈൽ ഡാറ്റയുടെ മാസ ഉപഭോഗത്തിൽ രാജ്യത്ത് 50 മടങ്ങ് വർധനയുണ്ടായി. ബാങ്കിങ് മേഖല അന്യമായിരുന്ന വലിയ ഒരു വിഭാഗത്തെ ആകർഷിക്കാനായി. ജൻധൻ അക്കൗണ്ട്, ആധാർ കാർഡ്, മൊബൈൽ ഫോൺ എന്നിവയും നേരിട്ടുള്ള ആനുകൂല്യ വിതരണവുമാണ് ഇത് സാധ്യമാക്കിയതെന്നും ബഡ്ജറ്റ് പറയുന്നു.