ന്യൂഡൽഹി: വിദേശത്ത് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന എൻഫോഴ്സ്‌മെന്റ് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാധ്രയെ ഈമാസം 16 വരെ അറസ്‌റ്റ് ചെയ്യരുതെന്ന് ഡൽഹി പാട്യാലാ കോടതി ഉത്തരവിട്ടു. അതേസമയം 6ന് (ബുധൻ) ചോദ്യം ചെയ്യലിനായി എൻഫോഴ്സ്‌മെന്റിന് മുന്നിൽ ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി.
തന്റെ കക്ഷി മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ലണ്ടനിലാണെന്നും കേസുമായി സഹകരിക്കുന്ന ആളാണെന്നും വാധ്രയുടെ അഭിഭാഷകൻ കെ.ടി. തുളസി കോടതിയെ അറിയിച്ചതിനെ തുടർന്ന് ഒരു ലക്ഷം രൂപയ്‌ക്കുള്ള ബോണ്ടിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിന് രാഷ്‌ട്രീയ നിറമുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തന്റെ കക്ഷിക്ക് സമൂഹത്തിൽ ആഴത്തിൽ വേരുകളുണ്ട്. കുടുംബത്തെ സ്‌നേഹിക്കുന്ന ആളുമാണ്. മകളുടെ ശസ്‌ത്രക്രിയ്‌ക്കു വേണ്ടി അമേരിക്കയിൽ പോയിരുന്നു. ഇപ്പോൾ മാതാവിനെ പരിചരിക്കാൻ ലണ്ടനിലുമാണ്. ഏതു സമയവും അറസ്‌റ്റിന് സാദ്ധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും തുളസി വാദിച്ചു.
വാധ്രയ്‌ക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് മുൻകൂർ ജാമ്യത്തെ എതിർത്ത എൻഫോഴ്സ്‌മെന്റ് വാദിച്ചു. 2009ൽ പെട്രോളിയം കരാറുകളിൽ നിന്ന് ലഭിച്ച കോഴപ്പണം ഉപയോഗിച്ച് ലണ്ടനിൽ 19ലക്ഷം പൗണ്ട് ( 18 കോടി രൂപ ) വിലയുള്ള വീടും മറ്റ് ചില ഇടപാടുകൾ വഴി 90 ലക്ഷം പൗണ്ട് (85കോടി രൂപ ) വിലയുള്ള വസ്‌തുവകകളും ലണ്ടനിൽ വാങ്ങി. നേരത്തെ അറസ്‌റ്റിലായ സഹായി മനോജ് അറോറ ആരോപണങ്ങൾ സമ്മതിച്ചിട്ടുണ്ട്. ലണ്ടനിലെ സ്വത്തുക്കൾ സ്വന്തമാണോ എന്ന് വാധ്രയിൽ നിന്ന് അറിയേണ്ടതുണ്ട്. അതിനാൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും എൻഫോഴ്സ്‌മെന്റ് അഭ്യർത്ഥിച്ചു.