ന്യൂഡൽഹി: സി.ബി.ഐയുടെ പുതിയ ഡയറക്‌ടറായി മദ്ധ്യപ്രദേശ് മുൻ ഡി.ജി.പി ഋഷി കുമാർ ശുക്ളയെ നിയമിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി തീരുമാനിച്ചു. രണ്ടുവർഷത്തേക്കാണ് നിയമനം. ഇടക്കാല ഡയറക്‌ടർ എം. നാഗേശ്വര റാവുവിൽ നിന്ന് അദ്ദേഹം ചുമതല ഏറ്റെടുക്കും.
മദ്ധ്യപ്രദേശ് കേഡർ 1983 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഋഷി കുമാർ ശുക്ള നിലവിൽ അവിടത്തെ പൊലീസ് ഹൗസിംഗ് കോർപ്പറേഷൻ ചെയർമാനാണ്. ബി. ജെ. പി മുഖ്യമന്ത്രിയായിരുന്ന ശിവരാജ്സിംഗ് ചൗഹാനുമായി ഉറ്റ ബന്ധമുണ്ടായിരുന്ന ഋഷി കുമാർ ശുക്ളയെ മുഖ്യമന്ത്രി കമൽനാഥിന്റെ കോൺഗ്രസ് സർക്കാർ ഡി. ജി. പി സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.
ഡയറക്‌ടറായിരുന്ന അലോക് വർമ്മയെയും പ്രത്യേക ഡയറക്‌ടറായിരുന്ന രാകേഷ് അസ്‌താനയെയും തർക്കങ്ങളെ തുടർന്ന് പുറത്താക്കിയതിനാൽ കുറച്ചു കാലമായി സി.ബി.ഐയ്‌ക്ക് സ്ഥിരം മേധാവി ഇല്ലായിരുന്നു.
യു.പി കേഡർ 1984 ബാച്ച് ഉദ്യോഗസ്ഥനും ഡൽഹി നാഷണൽ ഫോറൻസിക് ആൻഡ് ക്രിമിനോളജി ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടറുമായ ജാവേദ് അഹമ്മദ്, സഹ ബാച്ചുകാരനും ബി.എസ്.എഫ് മേധാവിയുമായ രജനികാന്ത് മിശ്ര, 1984 ഹരിയാന കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനും ഐ.ടി.ബി.പി മേധാവിയുമായ എസ്. എസ്. ദേസ്‌വാൾ എന്നിവരെയും ഉന്നത പദവിയിലേക്ക് പരിഗണിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, കോൺഗ്രസിന്റെ സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെട്ട സമിതി വെള്ളിയാഴ്ച രാത്രി എട്ടര വരെ യോഗം ചേർന്നിട്ടും തീരുമാനമായിരുന്നില്ല. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഋഷി കുമാർ ശുക്‌ളയെ തീരുമാനിച്ചത്.
ജനുവരി 10ന് ചേർന്ന ഉന്നതാധികാര സമിതി അലോക് വർമ്മയെ നീക്കിയ ശേഷം നാഗേശ്വര റാവുവിന് താത്ക്കാലിക ചുമതല നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഉടൻ സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് സമിതി വെള്ളിയാഴ്‌ച ചേർന്നത്.
ഡയറക്‌ടർ സ്ഥാനത്തേക്ക് 1983, 1984, 1985 ബാച്ചുകളിലെ 80 ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിരുന്നു.
അഴിമതി ആരോപണങ്ങൾ നേരിട്ട ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്‌താനയെ സ്‌പെഷ്യൽ ഡയറക്‌ടറായി നിയമിച്ചത് അലോക് വർമ്മ ചോദ്യം ചെയ്‌തതോടെയാണ് സി.ബി.ഐ തലപ്പത്ത് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഒറ്റരാത്രി കൊണ്ട് ഇരുവരെയും കേന്ദ്ര സർക്കാർ നിർബ്ബന്ധിത അവധിയിൽ മാറ്റി. പിന്നീട് സുപ്രീംകോടതി അലോക് വർമ്മയ്‌ക്ക് വീണ്ടും സ്ഥാനം നൽകിയെങ്കിലും മല്ലികാർജ്ജുന ഖാർഗെയുടെ വിയോജിപ്പോടെ ഉന്നതാധികാര സമിതി അത് റദ്ദാക്കിയാണ് നാഗേശ്വര റാവുവിന് ഇടക്കാല ചുമതല നൽകിയത്.