ന്യൂഡൽഹി: വിവാദങ്ങളിലും അഴിമതി ആരോപണങ്ങളിലും കുടുങ്ങാത്ത പൊലീസ് ഉദ്യോഗസ്ഥൻ എന്ന പ്രതിച്‌ഛായയാണ് മദ്ധ്യപ്രദേശ് കേഡർ ഐ.പി.എസ് ഓഫീസറായ ഋഷി കുമാർ ശുക്‌ളയെ സി.ബി.ഐ ഡയറക്‌ടർ പദവിയിലേക്ക് യോഗ്യനാക്കിയത്. ഇന്റലിജൻസ് ബ്യൂറോയിൽ പ്രവർത്തിച്ച പരിചയവും മുതൽക്കൂട്ടായി. അതേസമയം ബി. ജെ. പിയുമായി അടുത്ത ബന്ധമുള്ള ഓഫീസറുമാണ്.
മദ്ധ്യപ്രദേശിലെ പുതിയ കോൺഗ്രസ് സർക്കാർ കഴിഞ്ഞ 29ന് അദ്ദേഹത്തെ ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റുകയായിരുന്നു. കോൺഗ്രസ് ഐ.ടി സെല്ലിലെ യുവ നേതാവിനെ ഡൽഹി പൊലീസ് ഒരു കേസിൽ മദ്ധ്യപ്രദേശിൽ വന്ന് അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് മുഖ്യമന്ത്രി കമൽനാഥ് ഇടപെട്ടാണ് അദ്ദേഹത്തെ മാറ്റി പൊലീസ് ഹൗസിംഗ് കോർപറേഷൻ മേധാവിയായി നിയമിച്ചത്. മുൻ മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാനുമായുളള ശുക്ലയുടെ അടുപ്പവും കോൺഗ്രസിന് അനഭിമതനാക്കി.
വെള്ളിയാഴ്‌ച പ്രധാനമന്ത്രിയുടെ സെലക്‌ഷൻ കമ്മിറ്റി യോഗം സി. ബി. ഐ മേധാവി സ്ഥാനത്തേക്ക് ശുക്ളയേയും പരിഗണിച്ചിരുന്നു. എന്നാൽ സമിതി അംഗം മല്ലികാർജ്ജുന ഖാർഗെ ഉത്തർപ്രദേശ് കേഡറിലെ ജാവേദ് അഹമ്മദിന് വേണ്ടി വാദിച്ചു. തുടർന്ന് തീരുമാനമാകാതെ പിരിഞ്ഞു. ഇന്നലത്തെ യോഗത്തിൽ ശുക്ളയെ നിയമിക്കുന്നതിനെയും ഖാർഗെ എതിർത്തതായി റിപ്പോർട്ടുണ്ട്. അഴിമതി വിരുദ്ധ സേനകളിൽ പരിചയമില്ലെന്നാണ് ഖാർഗെ ചൂണ്ടിക്കാട്ടിയത്.
സി. ബി. ഐയുടെ അന്തസ് വീണ്ടെടുക്കണം
അലോക് വർമ്മയും രാകേഷ് അസ്‌താനയും തമ്മിലുള്ള വടംവലിയെ തുടർന്ന് സി.ബി.ഐയ്‌ക്ക് നഷ്‌ടമായ പ്രതിച്‌ഛായ വീണ്ടെടുക്കേണ്ട ചുമതലയാണ് ശുക്‌ളയ്‌ക്കുള്ളത്. കൂടാതെ അഗസ്‌റ്റ വെസ്റ്റ്ലാൻഡ് അഴിമതി, ടുജി അഴിമതി, കൽക്കരി കുംഭകോണം, പി.ചിദംബരം, ഹൂഡ തുടങ്ങി കോൺഗ്രസ് നേതാക്കൾ പ്രതികളായ അഴിമതി കേസുകൾ, കൽക്കത്തയിലെ ശാരദ ചിട്ടിഫണ്ട് കേസ്, ഐ. സി.ഐ.സി.ഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാർ പ്രതിയായ കേസ് തുടങ്ങി രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒട്ടേറെ കേസുകളാണ് സി. ബി. ഐയിൽ അദ്ദേഹത്തെ കാത്തിരിക്കുന്നത്.