ന്യൂഡൽഹി: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിക്കുകയും ഗോഡ്സെയെ മാലയിട്ട് വന്ദിക്കുകയും ചെയ്തതിൽ രാജ്യവ്യാപകമായി കോൺഗ്രസ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.
എല്ലാ സംസ്ഥാന കോൺഗ്രസ് ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കാൻ എ.ഐ.സി.സി നിർദ്ദേശിച്ചു. ഗാന്ധിജിയുടെ സന്ദേശമടങ്ങിയ പ്ലക്കാർഡുകളും മറ്റുമായി രാവിലെ 10നാണ് പരിപാടി.
ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനത്ത് ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയോടെയാണ് പ്രകോപനപരവും നിന്ദ്യവുമായ നടപടിയുണ്ടായത്. രാഷ്ട്രപിതാവിനോടും അദ്ദേഹത്തിന്റെ അഹിംസ, മതേതരത്വം, സാഹോദര്യം എന്നീ ആശയങ്ങളോടും ഇത്തരം സംഘടനകളിൽ ആഴത്തിൽ പതിഞ്ഞ വിദ്വേഷമാണ് ഇത് തെളിയിക്കുന്നതെന്നും കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.
ഉത്തർപ്രദേശിലെ അലിഗഡിൽ ജനുവരി 30നാണ് വിവാദ സംഭവം നടന്നത്. ഗാന്ധിജിയുടെ കോലമുണ്ടാക്കി അതിലേക്ക് അഖിലഭാരത ഹിന്ദുമഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ പ്രതീകാത്മകമായി വെടി വയ്‌ക്കുകയും ഗാന്ധിജിയെ വധിച്ച ഗോഡ്സെയുടെ പ്രതിമയിൽ മാലയിടുകയും ചെയ്‌തു.