p_chidambaram_pti_0

ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ സാമ്പത്തിക തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രധനമന്ത്രിയുമായ പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി.

അഴിമതി നിരോധന നിയമപ്രകാരം പൊതുപ്രവർത്തകർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. ഈ അപേക്ഷയിലാണ് നിയമമന്ത്രാലയം സി.ബി.ഐക്ക് അനുമതി നൽകിയതെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇതോടെ കേസിൽ ചിദംബരത്തെ പ്രതി ചേർക്കാനുള്ള സാദ്ധ്യതയേറി.

ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജനുവരി 25ന് സി.ബി.ഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. എയർസെൽ മാക്‌സിസ് അഴിമതി കേസിൽ പ്രതിയായ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ നേരത്തെ കേന്ദ്രം അനുമതി നൽകിയിരുന്നു.

2007ൽ ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ ഐ.എൻ.എക്‌സ് മീഡിയയ്ക്ക് 305 കോടി വിദേശ നിക്ഷേപത്തിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, പീറ്റർമുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരാണ് പ്രതികൾ. 2017 മേയിലാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വിദേശനിക്ഷേപത്തിന് ക്ലിയറൻസ് ലഭിച്ചതിന് കോഴയായി കാർത്തി ചിദംബരത്തിന്റെ കമ്പനികൾക്ക് പണം ലഭിച്ചെന്നാണ് സി.ബി.ഐയുടെയും ഇ.ഡിയുടെയും വാദം. കേസിൽ നേരത്തെ അറസ്റ്റിലായ കാർത്തിയുടെ 54 കോടി രൂപയുടെ വസ്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കണ്ടുകെട്ടിയിരുന്നു. കാർത്തി ജാമ്യത്തിലിറങ്ങി. പിന്നീട് അന്വേഷണം ചിദംബരത്തിലേക്കും എത്തുകയായിരുന്നു. എയർസെൽ മാക്‌സിസ് അഴിമതി കേസിൽചിദംബരത്തിനും കാർത്തിചിദംബരത്തിനും ഫെബ്രുവരി 18 വരെ ഇടക്കാല ജാമ്യമുണ്ട്.