rahul

ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തെ കർഷക കടങ്ങൾ എഴുതി തള്ളുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പാറ്റ്നയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട കർഷകർക്ക് പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടെത്തിക്കുന്ന പദ്ധതി ഇടക്കാല ബഡ്‌ജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കർഷകരെ കൈയിലെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കം. എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന വാഗ്ദാനം രാഹുൽ ആവർത്തിച്ചു. ബീഹാറിലെയും രാജ്യത്തെയും കർഷകരെ മോദി അപമാനിച്ചു. കർഷകരെ അപമാനിച്ചാൽ അവർ മറുപടി നൽകും. ബി.ജെ.പിയെയല്ല, കോൺഗ്രസിനെ വേണമെന്നാണ് കർഷകർ പറയുന്നത്. കർഷകർക്ക് ദിവസം 17 രൂപ നൽകുമെന്ന് മോദി പ്രഖ്യാപിച്ചു. എന്നാൽ അനിൽ അംബാനി,മല്ല്യ, നീരവ് മോദി,മെഹുൽചോസ്കി തുടങ്ങിയവർക്ക് കോടികൾ നൽകുകയാണ്. എല്ലാവർക്കും 15 ലക്ഷം നൽകുമെന്ന് മോദി വാഗ്ദാനം നൽകി. ആർക്കെങ്കിലും അത് ലഭിച്ചിട്ടുണ്ടോ? ബീഹാറിലെ യുവാക്കൾ ജോലിക്കായി രാജ്യം മുഴുവൻ അലയുന്നു. മോദിയുടെ ഗുജറാത്തിലെത്തിയപ്പോൾ ചവിട്ടി പുറത്താക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 1989ൽ രാജീവ് ഗാന്ധിക്ക് ശേഷം ആദ്യമായാണ്
പാറ്റ്നയിലെ ഗാന്ധി മൈതാനിൽ കോൺഗ്രസ് റാലിസംഘടിപ്പിക്കുന്നത്. ബീഹാറിലെ പ്രതിപക്ഷ നേതാക്കളായ തേജസ്വി യാദവ്, ശരദ് യാദവ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാദൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവരും പങ്കെടുത്തു.

തരൂരിന്റെ കന്നുകാലി ക്ലാസിൽ

കോൺഗ്രസിന്റെ 'വിശുദ്ധ പശുക്കൾ"

ന്യൂഡൽഹി: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിനും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മറ്റ് കോൺഗ്രസ് നേതാക്കൾക്കും ഒപ്പമുള്ള കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ എക്കണോമി ക്ലാസ് യാത്രയാണ് ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലെ പ്രധാന ചർച്ച. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടുന്ന റാലിയിൽ പങ്കെടുക്കാനായി കോൺഗ്രസ് നേക്കാൾക്കൊപ്പം പാറ്റ്നയിലേക്കുള്ള എക്കണോമി ക്ലാസ് യാത്രയുടെ ചിത്രം രാഹുൽ തന്നെയാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഒരു മണിക്കൂറിൽ 69,000 പേർ ഇഷ്ടം രേഖപ്പെടുത്തിയ ചിത്രത്തിനെതിരെ വിമർശവുയർന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഇത്തരം പോസ്റ്റുകൾ വരുന്നതെന്ന് പ്രധാന വിമർശനം.

എക്കണോമി ക്ലാസിലെ നേതാക്കളുടെ യാത്ര 2009ലെ തരൂരിന്റെ കന്നുകാലി ക്ലാസ് പരാമർശത്തെയും വീണ്ടും ചർച്ചാ വിഷയമാക്കി. എക്കണോമി ക്ലാസിലെ യാത്രയെക്കുറിച്ച് 'നമ്മുടെ എല്ലാ വിശുദ്ധ പശുക്കൾക്കുമൊപ്പം കന്നുകാലി ക്ലാസിൽ " എന്ന തരൂരിന്റെ പരാമർശം അന്ന് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.