mamata

ന്യൂഡൽഹി: ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥർ കൽക്കത്ത പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയതിനെ തുടർന്നുണ്ടായ നാടകീയ സംഭവങ്ങളിൽ മുഖ്യമന്ത്രി മമതബാനർജിക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ്, ബി.എസ്.പി, എസ്.പി, ടി.ഡി.പി,എൻ.സി.പി,ആംആദ്മി,ജെ.ഡി.യു,ആർ.ജെ.ഡി,ഡി.എം.കെ മുസ്‌ലിംലീഗ് തുടങ്ങിയ പാർട്ടികളാണ് മമതയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ചത്.

ഫാസിസ്റ്റ് ശക്തികൾക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. മമതയോട് സംസാരിച്ചു. കോൺഗ്രസ് മമതയ്ക്കൊപ്പം തോളോട് തോൾ ചേർന്നു നിൽക്കും. ബംഗാളിലെ സംഭവവികാസങ്ങൾ ഭരണഘടനയ്ക്ക് മേലുള്ള മോദിയുടെയും ബി.ജെ.പിയുടെയും ആക്രമണത്തിന്റെ ഭാഗമാണെന്നും രാഹുൽ പറഞ്ഞു.

എങ്ങനെയാണ് മോദിയും ഷായും സ്ഥാപനങ്ങളെ തകർക്കുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ബംഗാളിലെ സംഭവങ്ങളെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എം. ചന്ദ്രബാബുനായിഡു പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോദിയുടെയും അമിത്ഷായുടെയും നടപടി വിചിത്രവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു.

സി.ബി.ഐ നടപടി ഭരണഘടനാതത്വങ്ങൾക്കെതിരും ജനാധിപത്യവിരുദ്ധവുമാണെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു. സി.ബി.ഐയെ രാഷ്ട്രീയ ഉപകരണമാക്കരുത്.എങ്ങനെയെങ്കിലും ഭരണം നിലനിറുത്താൻ ബി.ജെ.പി ശ്രമിക്കുകയാണ്. പരാജയഭീതിയിൽ സി.ബി.ഐയെ തിരഞ്ഞെടുപ്പ് എജന്റുമാരായി ഉപയോഗിക്കുകയാണെന്നും അഖിലേഷ് വിമർശിച്ചു.

ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളും അസാധാരണ പ്രതിസന്ധി നേരിടുകയാണെന്നും രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുകയാണെന്നും ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവ് ട്വീറ്റ് ചെയ്തു. മകൻ തേജസ്വി യാദവും മമതയ്ക്ക്പിന്തുണയർപ്പിച്ച് രംഗത്തെത്തി.

രാഷ്ട്രീയനേട്ടത്തിനായി പ്രതിപക്ഷത്തെ വിരട്ടാൻ സി.ബി.ഐയെ ദുരുപയോഗം ചെയ്യുകയാണെന്ന് എൻ.സി.പി പ്രസിഡന്റ് ശരദ് പവാർ പറഞ്ഞു.
മമത കൊൽക്കത്തയിൽ നടത്തുന്ന ധർണയ്ക്ക് പിന്തുണയർപ്പിക്കുന്നതായി മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ജനാധിപത്യത്തെയും ഫെഡറൽ സംവിധാനത്തെയും സംരക്ഷിക്കാനുള്ള മമതയുടെ പോരാട്ടത്തിനൊപ്പം നിൽക്കുന്നുവെന്നും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണത്തിൽ ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാവുകയാണെന്നും ഡി.എം.കെ അദ്ധ്യക്ഷൻ സ്റ്റാലിൻ പറഞ്ഞു.
നാഷണൽ കോൺഫ്രൻസ് നേതാവ് ഒമർ അബ്ദുള്ള,പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, ഹേമന്ത് സോറൻ( ജെ.എം.എം) രാജ്താക്കറെ (എം.എൻ.എസ്), സഞ്ജയ് റാവത്ത് (ശിവസേന),ജിഗ്നേഷ് മേവാനി, ഹർദിക്ക് പട്ടേൽ തുടങ്ങിയവരും മമതയ്ക്ക് പിന്തുണയുമായെത്തി.