rishikumar

ന്യൂഡൽഹി: ശാരദാ, റോസ് വാലി ചിട്ടി അഴിമതിക്കേസുകളിലെ സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട് പശ്ചമിബംഗാൾ സർക്കാരും കേന്ദ്രസർക്കാരും പരസ്യമായി പോരടിക്കുന്നതിനിടെ സി.ബി.ഐ ഡയറക്ടറായി മുൻ മദ്ധ്യപ്രദേശ് ഡി.ജി.പി ഋഷികുമാർ ശുക്ല (58) ചുമതലയേറ്റു. 1983 മദ്ധ്യപ്രദേശ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഋഷികുമാർ മദ്ധ്യപ്രദേശ് പൊലീസ് ഹൗസിംഗ് കോർപറേഷൻ ചെയർമാനായിരിക്കെയാണ് സി.ബി.ഐ ഡയറക്ടറായി നിയമിതനായത്. മാസങ്ങൾക്ക് ശേഷമാണ് സി.ബി.ഐക്ക് സ്ഥിരം ഡയറക്ടർ വരുന്നത്.
ചിട്ടി അഴിമതിക്കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥരെ കൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിലെ ഇടപെടലാണ് ആദ്യ വലിയ വെല്ലുവിളി. വിഷയത്തിൽ ഇന്നലെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സി.ബി.ഐയിലെ ഭിന്നതകൾ പരസ്യമായതോടെ ഡയറക്ടർ അലോക് വർമ്മയെ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ജോയിന്റ് ഡയറക്ടർ നാഗേശ്വരറാവുവിനായിരുന്നു ഇടക്കാല ഡയറക്ടറുടെ ചുമതല. ഫെബ്രുവരി 2നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി ഋഷികുമാർ ശുക്ലയെ ഡയറക്ടറായി തിരഞ്ഞെടുത്തത്.