mamatha

കമ്മിഷണർ ഷില്ലോംഗിൽ ഹാജരാകണം

അറസ്റ്റ് പാടില്ലെന്നും കോടതി

മമത ധർണ അവസാനിപ്പിച്ചു

ന്യൂഡൽഹി:ചിട്ടിതട്ടിപ്പു കേസിലെ സി.ബി.ഐ ഇടപെടലിനെ ചൊല്ലി കേന്ദ്രവുമായുള്ള

ബംഗാൾ സർക്കാരിന്റെ രാഷ്ട്രീയപ്പോരിൽ മുഖ്യമന്ത്രി മമതാബാനർജി രക്ഷിക്കാൻ ശ്രമിച്ച കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ്കുമാർ ചോദ്യം ചെയ്യലിനായി സി.ബി.ഐക്ക് മുന്നിൽ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അതേസമയം, അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

നിക്ഷ്പക്ഷ സ്ഥലമായ മേഘാലയയിലെ ഷില്ലോംഗിൽ സി.ബി.ഐ ആവശ്യപ്പെടുന്ന സമയത്ത് രാജീവ്കുമാർ ഹാജരാകണം. അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്‌മാരായ ദീപക് ഗുപ്ത, സഞ്ജയ് ഖന്ന എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു.സി.ബി.ഐയുമായി സഹകരിക്കുന്നതിൽ എന്താണ് പ്രശ്നമെന്നും വാദത്തിനിടെ ചീഫ്ജസ്റ്റിസ് ചോദിച്ചു.

സി.ബി.ഐക്കും മമതയ്‌ക്കും പിടിച്ചു നിൽക്കാൻ അവസരം നൽകുന്നതാണ് കോടതി ഉത്തരവ്. അറസ്റ്റ് ഒഴിവാക്കിയതാണ് മമതയ്ക്ക് ആശ്വാസമായത്.
സി. ബി. ഐയുടെ കോർട്ടലക്ഷ്യ ഹർജിയിൽ ബംഗാൾ ചീഫ്സെക്രട്ടറി, ഡി.ജി.പി, പൊലീസ് കമ്മിഷണർ രാജീവ്കുമാർ എന്നിവർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.18നകം മറുപടി നൽകണം. മറുപടി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ മൂന്നുപേരും ഫെബ്രുവരി 20ന് നേരിട്ട് ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മമതാ ബാനർജി മൂന്ന് ദിവസമായി കൊൽക്കത്തയിൽ നടത്തി വന്ന ധർണ ഇന്നലെ വൈകിട്ട് അവസാനിപ്പിച്ചു. കോടതി ഉത്തരവ് ധർണയുടെ ധാ‌ർമ്മിക വിജയമാണെന്ന് അവകാശപ്പെട്ടാണ് മമത ധർണ അവസാനിപ്പിച്ചത്.

കുറ്റാരോപിതർക്ക് തൃണമൂലുമായി ബന്ധം: സി.ബി.ഐ

ബംഗാളിലെ ചിട്ടി തട്ടിപ്പ് കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏറ്റെടുത്ത സി.ബി.ഐ തെളിവുകൾ ശേഖരിച്ച് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. കേസിൽ ഉൾപ്പെട്ട ചിലർ ഭരണകക്ഷിയായ തൃണമൂലുമായി അടുത്ത ബന്ധമുള്ളവരാണെന്ന് കണ്ടെത്തി. എന്നാൽ അന്വേഷണ സംഘത്തലവനായ രാജീവ്കുമാർ കൈമാറിയ രേഖകൾ പൂർണമായിരുന്നില്ല. ചിലതിൽ കൃത്രിമം നടന്നിട്ടുണ്ട്. ശാരദ കേസിലെ പ്രധാന കുറ്റാരോപിതനായ സുദീപ്തോ സെന്നിന്റെ മൊബൈൽ ഫോണുകളിലെ ഡാറ്റ കൈവശം വയ്ക്കുകയോ, ഫോറൻസിക് പരിശോധനയ്ക്ക് അയയ്‌ക്കുകയോ ചെയ്യാതെ പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന് തിരിച്ചുനൽകി. ഫോണിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പൂർണമല്ല. കോൾ റെക്കാർഡുകളിൽ കൃത്രിമം നടന്നിട്ടുണ്ട്. കോളുകളുടെ എണ്ണത്തിൽ വൈരുദ്ധ്യമുണ്ട്. അതിനാൽ രാജീവ്കുമാറിന് മൂന്ന് നോട്ടീസ് അയച്ചു. മറുപടി നൽകിയില്ല. ഡി.ജി.പിക്ക് കത്ത് നൽകിയിട്ടും പ്രതികരണമുണ്ടായില്ലെന്നും സി.ബി.ഐക്ക് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയിൽ പറഞ്ഞു.