dr-a-sampath

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പാർലമെന്റ് ചരിത്രത്തിലെ റെക്കാ‌ഡ് ഭേദഗതിയുമായി ഡോ. എ. സമ്പത്ത് എം.പി. നയപ്രഖ്യാപന ചർച്ചയ്‌ക്കിടെ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ച 1075 ഭേദഗതി നിർദ്ദേശങ്ങളിൽ 443 ഭേദഗതി നിർദ്ദേശങ്ങളും സമ്പത്തിന്റേതായിരുന്നു.

പാർലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാതിരിക്കുക, ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക,ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന ഭരണകൂട നയങ്ങൾ അവസാനിപ്പിക്കുക, 2018ലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ശിവഗിരി മഠത്തിന് ഭാരതരത്നം പ്രഖ്യാപിക്കുക, തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്, തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽ നിലനിറുത്തുക, കേരളത്തിന് എയിംസ്, കൂടുതൽ തീവണ്ടികൾ എന്നിവ അനുവദിക്കുക, കേരളത്തിന്റെ പുനർനിർമ്മാണത്തിന് ആവശ്യമായ തുക ലഭ്യമാക്കുക, രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കള്ളപ്പണം മുഴുവൻ പിടിച്ചെടുക്കുക, പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, വനിതാ സംവരണ ബിൽ പാസാക്കുക തുടങ്ങിയ 590 നിർദ്ദേശങ്ങളാണ് ഡോ. എ. സമ്പത്ത് എം.പി ഭേദഗതികളായി നൽകിയത്. ഇതിൽ 443 ഭേദഗതികൾ ലോക്‌സഭാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുത്തു. കേന്ദ്രസർക്കാരിന് ഭൂരിപക്ഷമുള്ള ലോക്‌സഭയിൽ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലെ ഭേദഗതികൾ പാസാകാറില്ല.