ന്യൂഡൽഹി: ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ തനിക്കു നേരെ തിരിയാനിടയുള്ള സി.ബി.ഐ അന്വേഷണത്തെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയ സാഹചര്യം മുതലെടുത്ത് പ്രതിപക്ഷത്തെ മുന്നിൽ നിറുത്തി ഒഴിവാക്കാനുള്ള മമതാ ബാനർജിയുടെ തന്ത്രങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ നടപ്പാക്കിയത്. ശാരദാ ചിട്ടി കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരിൽ പ്രമുഖനായ കൽക്കത്താ സിറ്റി കമ്മിഷണർ രാജീവ് കുമാറിലൂടെ മമതാ ബാനർജിയെ തന്നെയാണ് സി.ബി.ഐ വഴി കേന്ദ്രസർക്കാർ ലക്ഷ്യമിട്ടതെന്ന് വ്യക്തമായിരുന്നു. അതു മുന്നിൽ കണ്ടാണ് മമത സി.ബി.ഐക്ക് സംസ്ഥാനത്ത് നേരത്തേ വിലക്ക് കല്പിച്ചതും. കമ്മിഷണറെ കസ്‌റ്റഡിയിലെടുക്കാനുള്ള നീക്കം മണത്തറിഞ്ഞ മമത ഇടയ്‌ക്കു കയറി തടഞ്ഞത് കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും അമ്പരപ്പിച്ചു. നിരാഹാര സമരമെന്ന ബ്രഹ്മാസ്‌ത്രവും ഫലം കണ്ടു.
മോദി സർക്കാരിനെതിരെ രൂപംകൊള്ളുന്ന പ്രതിപക്ഷ കൂട്ടായ്‌മയിലെ പ്രധാനിയാകാൻ തുടക്കം മുതൽ ശ്രമിക്കുന്നുണ്ട് മമത. ഫെഡറൽ മുന്നണി രൂപീകരിക്കാൻ ശ്രമിക്കുന്ന മമത ജനുവരി 19ന് കൊൽക്കത്തയിലെ മഹാറാലിയിൽ പ്രതിപക്ഷ നേതാക്കളെ ഒന്നിച്ച് അണിനിരത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ സി.ബി.ഐ വിരുദ്ധ നടപടികൾ മോദി സർക്കാരിനെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള വേദിയാക്കി മാറ്റാനും മമതയ്‌ക്ക് കഴിഞ്ഞു.
ചിട്ടി കേസിൽ പ്രതിയായ ശാരദാ ഗ്രൂപ്പ് ഉടമ സുധീപ്താ സെന്നിന് തൃണമൂൽ കോൺഗ്രസുമായുള്ള അടുപ്പം പരസ്യമാണ്. സുപ്രീംകോടതി നിർദ്ദേശ പ്രകാരം സി.ബി.ഐ വരുന്നതിന് മുൻപേ സംസ്ഥാന സർക്കാർ രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘം 2014ൽ സംസ്ഥാന ഗതാഗത മന്ത്രി മദൻ മിത്രയെയും മുൻ ഡി.ജി.പിയും മുൻ തൃണമൂൽ നേതാവുമായ രജത് മസുംദാറിനെയും അറസ്‌റ്റു ചെയ്‌തിരുന്നു. തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി കൂടിയായ മുകുൾ റോയിക്കെതിരെയും ആരോപണമുണ്ട്. സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത ശേഷമാണ് തൃണമൂൽ എം.പിമാരായ തപസ് പാൽ, സുധീപ് ബന്ദോപാദ്ധ്യായ എന്നിവർ അറസ്‌റ്റിലാകുന്നത്.
ചിത്രകാരികൂടിയായ മമത വരച്ച 20ൽ അധികം പെയിന്റിംഗുകൾ മൂന്നുലക്ഷം മുതൽ പത്തുലക്ഷം രൂപ വരെ വിലയ്‌ക്ക് ചിട്ടിഫണ്ട് കമ്പനി മുതലാളിമാർക്ക് വിറ്റതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടി നേതാവും രാജ്യസഭ എം.പിയുമായ ഡെറിക് ഒബ്രെയ്ന് സി.ബി.ഐ സമൻസ് അയച്ചിരുന്നു. അദ്ദേഹവും ഇതുവരെ ഹാജരായിട്ടില്ല.
തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ശാരദാ ചിട്ടി കേസിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടലുകൾ ദീദി പ്രതീക്ഷിച്ചിരുന്നു. വിശ്വസ്‌തൻമാരെ പിടികൂടിയ ശേഷം സി.ബി.ഐ തന്നെ തേടി വരുമെന്നും അവർക്കറിയാം. നിരാഹാര സമരവും പ്രതിപക്ഷ ഐക്യം സെറ്റാക്കിയുള്ള രാഷ്‌ട്രീയ നീക്കവും സ്വയരക്ഷ കൂടി മുന്നിൽ കണ്ടാണ്.
ചിട്ടി ഫണ്ട് കേസിൽ കുടുങ്ങിയ മമതയെ രക്ഷിക്കാൻ താത്പര്യമില്ലെങ്കിലും സി.ബി.ഐ വിഷയം കേന്ദ്രസർക്കാർ വിരുദ്ധ നടപടി ആയതിനാൽ കോൺഗ്രസിനും മറ്റു പ്രതിപക്ഷ കക്ഷികൾക്കും അനുകൂലിക്കാതെ വയ്യെന്നായി. കോൺഗ്രസ് ശ്രമിച്ചിട്ടും കൂടെ നിൽക്കാത്ത സമാജ്‌വാദി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും മമതയ്‌ക്കൊപ്പമുണ്ട്. മമത പ്രതിപക്ഷത്തെ നിർണായക ശക്തിയായി മാറുന്നത് കോൺഗ്രസിന് അംഗീകരിക്കാൻ കഴിയുന്നതല്ല. പക്ഷേ എതിർക്കാനുമാകുന്നില്ല. അതാണ് ദീദിയുടെ ജയം.