mzmata-
മമത

ന്യൂഡൽഹി: ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ കൽക്കത്താ പൊലീസ് കമ്മിഷണറെ സി.ബി.ഐ ചോദ്യം ചെയ്യാൻ ശ്രമിച്ചതിനെ ചൊല്ലി പാർലമെന്റിന്റെ ഇരു സഭകളും ഇന്നലെയും പ്രക്ഷുബ്‌ദമായി. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും പല തവണ നിറുത്തിവച്ചതിനാൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച തടസപ്പെട്ടു.

രാവിലെ ഇരുസഭകളും സമ്മേളിച്ചതു തന്നെ തൃണമൂൽ അംഗങ്ങളുടെ പ്രതിഷേധത്തോടെയാണ്. കേന്ദ്രസർക്കാർ സി.ബി.ഐയെ ഉപയോഗിച്ച് ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് അംഗങ്ങൾ നടുത്തളത്തിലിറങ്ങി. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയം ചർച്ച ചെയ്യാൻ അംഗങ്ങൾ സഹകരിക്കണമെന്ന രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ അപേക്ഷ ആരും ചെവിക്കൊണ്ടില്ല. രണ്ടുമണിവരെ പിരിഞ്ഞ രാജ്യ സഭ പിന്നീട് ചേർന്നപ്പോഴും ബഹളം തുടർന്നതിനാൽ പിരിഞ്ഞു.

ലോക്‌സഭ ബഹളത്തെ തുടർന്ന് ഉച്ചയ്‌ക്കു മുൻപ് രണ്ടു തവണ നിറുത്തുവച്ചു. ഉച്ചയ്‌ക്കു ശേഷം ബഹളത്തിനിടയിലും സ്‌പീക്കർ സുമിത്രാ മഹാജൻ നന്ദിപ്രമേയ ചർച്ചയുമായി മുന്നോട്ടുപോയി. വൈകുന്നേരം മല്ലികാർജ്ജുന ഖാർഗയെ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ സഭ ഒാർഡറിൽ അല്ലെന്നും പിരിയണമെന്നും അഭ്യർത്ഥിച്ചെങ്കിലും സ്‌പീക്കർ അനുവദിച്ചില്ല. പ്രതിഷേധിച്ച തൃണമൂൽ അംഗങ്ങൾ വാക്കൗട്ട് നടത്തിയതിനെ തുടർന്ന് ചർച്ച ത‌ടസമില്ലാതെ മുന്നോട്ടുപോയി. ചർച്ച ഇന്നും തുടരും.