supreme

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി തുറന്ന കോടതിയിൽ പരിഗണിക്കും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ കേൾക്കുക.

ശബരിമലയുമായി ബന്ധപ്പെട്ട 65 ഹർജികളാണുള്ളത്. തന്ത്രി കണ്ഠരര് രാജീവര്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം,അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ, പ്രയാർ ഗോപാലകൃഷ്ണൻ, ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോൻ, പി.സി. ജോർജ്, രാഹുൽ ഈശ്വർ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയ 56 റിവ്യൂ ഹർജികളുണ്ട്. വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ എസ്.ജെ.ആർ. കുമാർ, ദേശീയ അയ്യപ്പ ഭക്ത അസോസിയേഷൻ പ്രസിഡന്റ് ശൈലജ വിജയൻ, തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ ജി. വിജയകുമാർ, അഖില ഭാരതീയ മലയാളി സംഘ് എന്നിവരാണ് റിട്ട് ഹർജികൾ നൽകിയത്. ഹൈക്കോടതിയിലെ ശബരിമല ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റാൻ സംസ്ഥാനസർക്കാർ നൽകിയ രണ്ട് ട്രാൻസ്ഫർ ഹർജികൾ, വിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡ് നൽകിയ ഹർജി തുടങ്ങിയവയാണ് മറ്റുള്ളവ. അതേസമയം തന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരായ കോടതിയലക്ഷ്യ ഹർജി ഇന്നത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

റിവ്യൂഹർജിക്കെതിരെ നാലു പേർ

ശബരിമല പുനഃപരിശോധനാ ഹർജികളെ എതിർത്ത് ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും പ്രവേശനം നടത്താൻ ശ്രമിച്ച രേഷ്മയും ഷനിലയും സുപ്രീംകോടതിയെ സമീപിച്ചു. യുവതീ പ്രവേശനം അനുവദിച്ച സെപ്തംബർ 28ലെ വിധി സ്ത്രീകളുടെ അന്തസും സ്വാതന്ത്ര്യവും തുല്യതയും ഉയർത്തിപ്പിടിക്കുന്നതാണ്. പുനഃപരിശോധനാ ഹർജികളിൽ ഇടപെടാൻ അനുമതി തേടി നൽകിയ ഹർജിയിൽ പറയുന്നു.